
എറണാകുളം: സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിനുള്ള അനുമതി റദ്ദാക്കി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആലപ്പുഴ തോട്ടപ്പള്ളിയിൽ ഭൂപതിവ് ചട്ടം ലംഘിച്ച് ശശിധരൻ കർത്തയുടെ കമ്പനി കൈവശം വെച്ചിരിക്കുന്നത് 65 ഏക്കർ ഭൂമി. മാറി മാറി വന്ന സർക്കാരുകളൊന്നും ഈ ഭൂമി തിരികെ പിടിക്കാൻ ഒരു നടപടിയും എടുത്തില്ല. ഇതിനിടെ ടൂറിസം ആവശ്യത്തിനെന്ന പേരിൽ ഭൂമി തരംമാറ്റാൻ കമ്പനി ശ്രമിച്ചെങ്കിലും റവന്യു വകുപ്പ് തീരുമാനമെടുത്തില്ല. ഖനന മേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് വീണ്ടും പ്രവേശനം ലഭിക്കുന്ന സാഹചര്യം വന്നാൽ ഈ ഭൂമിയുടെ തന്ത്രപരമായ പ്രാധാന്യം വീണ്ടും വർധിക്കും.
വർഷം 2002: മുഖ്യമന്ത്രി എ കെ ആന്റണി. സ്വകാര്യ കമ്പനിക്ക് സർക്കാർ നേരിട്ട് കരിമണൽ ഖനനത്തിന് അനുമതി നൽകിയതിനെതിരെ അണിനിരന്ന മനുഷ്യചങ്ങല. ഇടത് മുന്നണിക്കൊപ്പം ചേർന്ന് കോൺഗ്രസ്സിലെ വി എം സുധീരന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും. പ്രതിഷേധത്തിൽ മുട്ട് മടക്കി ഒടുവിൽ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറ്റം.
പൊതുമേഖല സ്ഥാപനങ്ങളായ IRE,KMML. ഇവരെ കൂടാതെ ഖനനത്തിന് ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൂടി ലഭിക്കേണ്ടിയിരുന്ന അവസരം ഇതോടെ അടഞ്ഞു. ഈ കാലയളവിലാണ് തമിഴ്നാട് സ്വദേശി വൈകുണ്ഠ രാജന്റെ ഉടമസ്ഥതയിലുള്ള വിവി മിനറൽസും, ശശിധരൻ കർത്തയുടെ കമ്പനിയായ KREML ഉം ആലപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഏക്കറ് കണക്കിന് ഭൂമി സ്വന്തമാക്കിയത്.മിനറൽ കോംപ്ലക്സ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. വ്യവസായ ആവശ്യത്തിന് വാങ്ങിയ 15ഏക്കറിലധികം ഭൂമി 15വർഷക്കാലം ഉപയോഗമില്ലാതെ കിടന്നാൽ സംസ്ഥാന സർക്കാർ തിരിച്ചെടുക്കണമെന്നാണ് ഭൂപതിവ് ചട്ടം. ഹരിപ്പാട് മണ്ഡലത്തിലെ ഈ അനധികൃത ഭൂമിക്കെതിരെ പരാതികൾ ഉയർന്നതോടെ കാർത്തികപ്പള്ളി താലൂക്ക് ലാൻഡ് ബോർഡ് അന്വേഷണം നടത്തി. 2018 ഏപ്രിൽ മാസത്തിൽ 45 ഏക്കർ അധിക ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവിട്ടു. എന്നാൽ തീരുമാനമെടുത്ത ഉദ്യോഗസ്ഥന് ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറ്റം. അതോടെ നടപടി അവിടെ നിലച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം പദ്ധതികൾക്കായി ഭൂമി തരം മാറ്റി നൽകണമെന്ന അപേക്ഷയുമായി ശശിധരൻ കർത്ത റവന്യു വകുപ്പിനെ സമീപിച്ചു. ഒന്നല്ല, രണ്ടുവട്ടം.
എന്നാൽ റവന്യു വകുപ്പ് ഇതിൽ തീരുമാനമെടുത്തില്ല. ഹൈക്കോടതിയും സുപ്രീം കോടതിയും വിഷയം പരിഗണിച്ചെങ്കിലും നിലവിലെ നയം അനുസരിച്ച് സംസ്ഥാന സർക്കാരിനോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു. നടപടി ഒന്നും ഉണ്ടായില്ല. സാങ്കേതികമായി ഭൂമി ഇപ്പോഴും കർത്തയുടെ കമ്പനിയുടെ ഉടമസ്ഥതയിൽ തുടരുന്നു.
കേന്ദ്ര, സംസ്ഥാന ബജറ്റോടെ കരിമണൽ ഖനനത്തിന് സ്വകാര്യമേഖയിൽ കൂടി വഴിതുറക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സിഎംആർഎല്ലിനെ തകർക്കുകയും അതുവഴി വമ്പൻ കുത്തക കമ്പനികൾക്ക് അവസരമൊരുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണങ്ങളും മറുവശത്തുണ്ട്. കരിമണൽ സാന്നിദ്ധ്യമുള്ള കൊല്ലം, ആലപ്പുഴ മേഖല വിഴിഞ്ഞം തുറമുഖത്തിന്റെ സമീപത്താണെന്നതും നിലവിലെ വിവാദങ്ങൾക്കൊപ്പം ചേർത്ത് വായിക്കേണ്ടതാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam