
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ലഭിക്കുന്നത് വിഐപി പരിഗണന. ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണ ലഭിക്കുന്നതായി വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തിക്ക് ആർടിഐ പ്രകാരം മറുപടി ലഭിച്ചു. ജയിലിൽ ശശികലയ്ക്ക് അഞ്ച് മുറികളും പ്രത്യേകം അടുക്കളയും ടിവിയുമടക്കം ചട്ടവിരുദ്ധമായി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ശശികലയെ കാണാൻ നിയന്ത്രണമില്ലാതെ സന്ദർശകരെത്തുന്നുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ജയിലിലെ നിയമങ്ങൾ മറികടന്ന് ശശികലയ്ക്ക് സൗകര്യങ്ങൾ ലഭിക്കുന്നത് ചൂണ്ടി കാട്ടിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി രൂപയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഗുരുതര ചട്ടലംഘനങ്ങൾ ജയിലിൽ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഡി രൂപ, ജയിൽ മേധാവികൾ ഇതിനായി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു. ആരോപണ വിധേയനായ അന്നത്തെ ജയിൽ വകുപ്പ് മേധാവി സത്യനാരായണറാവു ദീപയ്ക്കെതിരെ 20 കോടിയുടെ മാനനഷ്ടക്കേസ് നൽകുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. പിന്നീട് രൂപയുടെ കണ്ടെത്തലുകൾ പരിശോധിച്ച വിനയ കുമാർ കമ്മീഷനും ശശികലയ്ക്ക് വിഐപി പരിഗണന കിട്ടുന്നതായി സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam