സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിച്ച് പന്തളം കൊട്ടാരം പ്രതിനിധി

By Web TeamFirst Published Oct 21, 2018, 1:50 PM IST
Highlights

ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമെതിരെ തുറന്ന വെല്ലുവിളിയുമായി പന്തളം രാജകൊട്ടാരം. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭരണഘടന രൂപീകരിച്ച കവനന്‍റ് ഉടമ്പടി പ്രകാരം ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് കഴിയും. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ അടുത്ത ഘട്ട പ്രതിഷേധമെന്നും രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. 

പന്തളം: സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി പന്തളം രാജകൊട്ടാരം. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയത്. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല.  ക്ഷേത്രത്തിന്‍റെ പവിത്രത നശിപ്പിക്കാൻ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്. 

ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുത്. 

1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്‍റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും. അത്തരത്തിലുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ കൊട്ടാരത്തിന് മടിയില്ല. നാളെ നട അടച്ച ശേഷം ക്ഷേത്രത്തില്‍ വേണ്ട പരിഹാരക്രിയകളെ കുറിച്ച് പറയാമെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി. 

സവര്‍ണ്ണ അവര്‍ണ്ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തല്ലിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശശികുമാര വര്‍മ്മ ആരോപിച്ചു. ഇതിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. നിലക്കലിൽ ഉണ്ടായ സംഘര്‍ഷമടക്കം എല്ലാ കാര്യങ്ങളും മുൻ നിർത്തി ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു.

click me!