യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. നിലവില്‍ എണ്ണക്കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ കപ്പലുകൾ ഹോർമുസിലുണ്ട്.
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങികിടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാൻ ഇറാനുമായി ആശയവിനിമയം ശക്തമാക്കി ഇന്ത്യ. തീരുമാനമായാൽ കപ്പലുകലെ അനുഗമിക്കാൻ നാവികസേന തയ്യാറെടുത്ത് നിൽക്കുന്നുവെന്നാണ് സൂചന. ഇറാൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ രാജ്യത്തെ ഊർജ്ജപ്രതിസന്ധിയെ കുറിച്ച് ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഈ യുദ്ധത്തിൽ സ്വീകരിച്ച നയം ക്രിയാത്മകം എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് സുരക്ഷിതപാത എന്ന ആവശ്യം ഇറാൻ പരിഗണിച്ചേക്കുമെന്ന് വിവരം.
എണ്ണക്കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ കപ്പലുകൾ ഹോർമുസിലുണ്ട്. മറ്റുകപ്പലുകൾ കടലിടുക്ക് കടക്കാൻ അനുമതി ലഭിച്ചാൽ അനുഗമിക്കാൻ നാവികസേന സജ്ജമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓയൽ ടാങ്കറായജഗ പ്രകാശ് ഹോർമുസ് കടലിടുക്ക് പിന്നിട്ടു എന്ന് കേന്ദ്രം സ്ഥീരീകരിച്ചു. എന്നാല്‍, കപ്പലുകൾ കടത്തി വിടില്ലെന്ന് ഇറാൻ പറഞ്ഞതായുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകൾ കേന്ദ്രം തള്ളി.

