25 വയസിന് മുകളിലുള്ള വിദേശ വനിതകള്‍ക്ക് ഒറ്റയ്ക്ക് സൗദി സന്ദര്‍ശിക്കാന്‍ അനുമതി

By Web DeskFirst Published Jan 12, 2018, 12:37 AM IST
Highlights

റിയാദ്: ഇരുപത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് ഒറ്റയ്ക്ക് സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. പുതുതായി നിലവില്‍ വരുന്ന ടൂറിസ്റ്റ് വിസയിലാണ് സ്ത്രീകള്‍ക്ക് ഈ അവസരം ലഭിക്കുക. സൗദി ആദ്യമായി വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ടൂറിസം വകുപ്പ് ഇതുസംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. 

ഇരുപത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് കൂടെ ആരുമില്ലെങ്കിലും ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മേധാവി ഉമര്‍ അല്‍ മുബാറക് അറിയിച്ചു. ഇരുപത്തിയഞ്ചില്‍ താഴെ പ്രായമുള്ള സ്ത്രീകളോടൊപ്പം കുടുംബാംഗങ്ങള്‍ ആരെങ്കിലും വേണം. സൗദിയിലെ ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ടൂറിസ്റ്റ് വിസ ഉടന്‍ നിലവില്‍ വരും. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ടൂറിസം വിഭാഗം അറിയിച്ചു. 

പരമാവധി മുപ്പത് ദിവസത്തെ കാലാവധിയുള്ള സിംഗിള്‍ എന്ട്രി വിസയാണ് അനുവദിക്കുക. ഈ വിസയില്‍ ജോലി ചെയ്യാനോ, ഹജ്ജ് ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനോ അനുവദിക്കില്ല. അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് വിസ അനുവദിക്കുക. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ടൂറിസ്റ്റ് വിസ അനുവദിച്ചത് വിജയകരമായിരുന്നു. 2008-2010 കാലഘട്ടത്തില്‍ മുപ്പത്തിരണ്ടായിരത്തോളം വിദേശികള്‍ ഇങ്ങനെ സൗദി സന്ദര്‍ശിച്ചിരുന്നു. സ്ഥിരമായി ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്തേകും എന്നാണു പ്രതീക്ഷ. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളുമുണ്ടാകും.

click me!