സൗദിയില്‍ നിന്ന് പണമയക്കുന്നതിന് നികുതി; തീരുമാനം ഉടനുണ്ടാകും

By Web DeskFirst Published Dec 17, 2016, 6:02 PM IST
Highlights

ശൂറാ കൗണ്‍സിലിന്റെ  സാമ്പത്തിക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ശൂറാ കൗണ്‍സില്‍ യോഗത്തില്‍ വിദേശികളയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍  തീരുമാനിച്ചത്. ഇതിനായി ശൂറാ കൗണ്‍സില്‍ സാമ്പത്തിക സമിതി 12 നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു.

അതില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശം വിദേശികള്‍ അയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ്. കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ, നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണം. ഒപ്പം വിദേശികള്‍ക്കു നല്‍കുന്ന സേവന നിലവാരം ഉയര്‍ത്തുകയും വേണം. മാസം തോറും പണം അയക്കാത്ത വിദേശി നാടു വിടുമ്പോള്‍ അയയ്കാത്ത തുക കണക്കാക്കി നികുതി ഈടാക്കണം.

നികുതി നല്‍കാതിരിക്കുകയോ പണം മറ്റു മാര്‍ഗങ്ങളിലുടെ കടത്തുകയോ ചെയ്യുന്നവര്‍ക്കു നികുതിയായി വരുന്ന തുകയെക്കാള്‍ കൂടാത്ത സംഖ്യ പിഴ ചുമത്തണം. നിയമ ലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ചു പിഴ സംഖ്യയും കൂട്ടണം. കൂടാതെ നികുതി നല്‍കാതെ പണം അനധികൃതമായി അയക്കാന്‍ സഹായിക്കുന്നവര്‍ക്കും സമാനമായ തുക പിഴയായി ഈടാക്കണമെന്നും ശൂറാ കൗണ്‍സില്‍ സാമ്പത്തിക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
 

click me!