പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് സാമ്പത്തിക പ്രയാസങ്ങൾ കാരണം തിരുവനന്തപുരത്ത് "ട്രാവൻകൂർ രുചി" എന്ന പേരിൽ ഒരു തട്ടുകട ആരംഭിച്ചു. പാമ്പുപിടുത്തം ഒരു വരുമാനമാർഗ്ഗമല്ലാത്തതിനാൽ, പ്രായമായ അമ്മയെയും അസുഖബാധിതയായ അനുജത്തിയെയും സംരക്ഷിക്കാനായി അദ്ദേഹം വൈകുന്നേരങ്ങളിൽ ഈ പുതിയ സംരംഭത്തിൽ പ്രവർത്തിക്കുന്നു.
തിരുവനന്തപുരം: വീടുകളിലും പരിസരങ്ങളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന വാവ സുരേഷിന് ആരാധകർ ഏറെയാണ്. ചാനൽ അവതാരകനായും വ്ലോഗറായുമെല്ലാം സുരേഷിനെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ വരുമാന മാർഗമെന്താണെന്ന് ഇതുവരെ അധികമാരും പറഞ്ഞു കേട്ടിട്ടില്ല. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയ സുരേഷിന് സ്നേക്ക് റസ്ക്യു ഒരു വരുമാനമാർഗമല്ല. പ്രാരാബ്ദങ്ങൾ പിടിമുറുക്കുന്ന ജീവിതത്തിൽ മറ്റു വഴികളില്ലാതെ തട്ടുകടയുമായി ജനങ്ങളിലേക്ക് എത്തുകയാണ് വാവാ സുരേഷ്. തിരുവനന്തപുരം മരപ്പാലത്ത് നിന്ന് കുറവൻകോണം പോകുന്ന വഴിയിലായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വൈകുന്നേരങ്ങളിൽ ഒരു ചെറിയ തട്ടുകട ആരംഭിച്ചിരിക്കുകയാണ് വാവ സുരേഷ്. “ട്രാവൻകൂർ രുചി” എന്ന പേരിലാണ് ഈ തട്ടുകട പ്രവർത്തിക്കുന്നത്. പകൽ സമയങ്ങളിൽ പാമ്പുകൾക്ക് പിന്നാലെ ഓടുന്ന അദ്ദേഹം, രാത്രി ദോശയും പൊറോട്ടയും ചിക്കൻ പെരട്ടുമെല്ലാം വിളമ്പാൻ കടയിലേക്കെത്തും.
ജനവാസ കേന്ദ്രങ്ങളിൽ പെട്ടു പോകുന്ന അപൂർവ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നിവയെല്ലാം സുരേഷ് ചെയ്തുവരുന്നെങ്കിലും ഇതൊരു വരുമാനമാർഗമായി കാണുന്നില്ലെന്ന് സുരേഷ് പറയുന്നു. പാമ്പിനെ പിടിക്കാൻ പോയാൽ അഞ്ഞൂറോ അറുന്നൂറോ ആയിരമോ രൂപയാണ് കിട്ടുക. പക്ഷെ അവിടെ വരെ പോയി വരാൻ വണ്ടിക്കൂലി മാത്രം രണ്ടായിരത്തിന് മുകളിൽ വേണ്ടി വരും. ബാക്കി പൈസ താൻ തന്നെ കണ്ടെത്തണം. ഇപ്പോൾ വണ്ടിക്കൂലി ചോദിച്ച് വാങ്ങാറുണ്ട്. അല്ലാതെ പണം വാങ്ങാറില്ല. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. അവാർഡുകളിലൂടെ മാത്രം 40 ലക്ഷത്തോളം രൂപ കിട്ടിയിരുന്നു. അത് ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്. പല ജോലികളും ചെയ്തതിനാൽ കൂട്ടുകാരുമായി ചർച്ച ചെയ്ത് ആദ്യം ആലോചിച്ചത് തട്ടുകട ആരംഭിക്കാനാണ്. വീട്ടിൽ പ്രായമായ അമ്മയും അനുജത്തിയുമാണുള്ളത്. അസുഖബാധിതയായ അനുജത്തിയെ സംരക്ഷിക്കാൻ കൂടിയാണ് പുതിയ സംരംഭം. വൈകിട്ട് അഞ്ച് മുതൽ രാത്രി ഒരു മണി വരെ തട്ടുകടയിൽ വാ വാ സുരേഷ് ഉണ്ടാവും. പറ്റുന്നവർ എത്തണം ഭക്ഷണം കഴിക്കണം എന്നാണ് സുരേഷിൻ്റെ അഭ്യർഥന.


