സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി

By Web DeskFirst Published May 8, 2016, 7:00 PM IST
Highlights

വിഷന്‍ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്. ചില മന്ത്രിമാരെ സ്ഥാനത്ത് നിന്നും നീക്കുകയും പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് കഴിഞ്ഞ ദിവസം ഇതുസംബന്ധമായ ഉത്തരവിറക്കിയത്. ഇരുപത്തിയൊന്ന് വര്‍ഷമായി പെട്രോളിയം മന്ത്രിയായിരുന്ന അലി അല്‍ നുഐമിയെ മാറ്റി ആരോഗ്യമന്ത്രിയായിരുന്ന എഞ്ചി. ഖാലിദ് അല്‍ ഫാലിഹിനു ചുമതല നല്‍കി. ഈ മന്ത്രാലയത്തിന്റെ പേര് പെട്രോളിയം ആന്‍ഡ് മിനറല്‍സ് റിസോഴ്‌സസ് എന്നതിന് പകരം ഇനി മുതല്‍ ഊര്‍ജ, വ്യവസായ, മിനറല്‍സ് റിസോഴ്‌സസ് എന്നായിരിക്കും. വൈദ്യുതി വകുപ്പ് ഈ മന്ത്രാലയവുമായി ലയിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്ന തൗഫീഖ് അല്‍ റബീ ആണ് പുതിയ ആരോഗ്യ മന്ത്രി. വ്യവസായ വാണിജ്യ വകുപ്പിന്റെ പേര് വാണിജ്യ നിക്ഷേപ വകുപ്പ് എന്നാക്കി മാറ്റി. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഡോ.മാജിദ് ബിന്‍ അബ്ദുള്ള അല്‍ കസബിയാണ് പുതിയ വാണിജ്യ നിക്ഷേപ മന്ത്രി. സാമൂഹിക ക്ഷേമ മന്ത്രാലയം തൊഴില്‍ മന്ത്രാലയവുമായി ലയിപ്പിച്ചു.

തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ ഹഖബാനി വകുപ്പ് മന്ത്രിയായി തുടരും. ഹജ്ജ് മന്ത്രിയായിരുന്ന ബന്തര്‍ അല്‍ ഹജ്ജാറിനെ മാറ്റി പകരം ഡോ.മുഹമ്മദ് ബന്തനെ നിയമിച്ചു. ഹജ്ജ് ഉംറ മന്ത്രാലയം എന്നായിരിക്കും ഈ വകുപ്പ് ഇനി മുതല്‍ അറിയപ്പെടുക. ജല വൈദ്യുതി മന്ത്രി അബ്ദുള്ള അല്‍ ഹുസൈനെ സ്ഥാനത്ത് നിന്നും നീക്കി. കൃഷി മന്ത്രിയായിരുന്ന അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന് ജലപരിസ്ഥിതി വകുപ്പുകളുടെ കൂടി ചുമതല നല്‍കി. ഗതാഗത മന്ത്രിയായിരുന്ന അബ്ദുള്ള മുഖ്ബിലിനെ മാറ്റി സുലൈമാന്‍ അല്‍ ഹംദാനെ പുതിയ മന്ത്രിയായി നിയമിച്ചു. വ്യോമയാന വകുപ്പ് ഇനി ഗതാഗത വകുപ്പിന് കീഴില്‍ ആയിരിക്കും. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഡോ.ഫഹദ് അല്‍ മുബാറകിനെ മാറ്റി പകരം ഡോ.അഹ്മദ് അല്‍ ഖുലൈഫിയെ നിയമിച്ചു. ഇതിനു പുറമെ പല പ്രമുഖരെയും റോയല്‍ കോര്‍ട്ട് ഉപദേഷ്‌ടാക്കള്‍ ആയും ശൂറാ കൌണ്‍സില്‍ അംഗങ്ങള്‍ ആയും ഉന്നത പണ്ഡിതസഭാംഗങ്ങള്‍ ആയും നിയമിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു.

click me!