പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദി തൊഴില്‍ വികസന മന്ത്രാലയത്തിന്‍റെ തീരുമാനം

By Web DeskFirst Published Apr 28, 2018, 12:05 AM IST
Highlights
  • നാല് വര്‍ഷം കൊണ്ട് തൊഴില്‍ രഹിതരുടെ എണ്ണം കുറയ്ക്കും

റിയാദ്: തൊഴില്‍രഹിതരായ പരമാവധി സ്വദേശികള്‍ക്ക് ചില്ലറ വില്‍പ്പന മേഖലയില്‍ ജോലി കണ്ടെത്തുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നാല് വര്‍ഷം കൊണ്ട് തൊഴില്‍ രഹിതരുടെ എണ്ണം ഒമ്പത് ശതമാനമായി കുറയ്ക്കും. റീട്ടെയില്‍ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. 2022 ആകുമ്പോഴേക്കും പുതുതായി പന്ത്രണ്ട് ലക്ഷം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുകയാണ് ലക്ഷ്യമെന്നു സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് ചില്ലറ വില്‍പ്പന മേഖലയില്‍ ജോലി ചെയ്യുന്ന പ്രലാസികള്‍ക്ക് തിരിച്ചടിയാവും.

നാല് വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി കുറയ്ക്കും. സ്വദേശികള്‍ക്ക് ചില്ലറ വില്‍പ്പന മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമദ് ഖത്താന്‍ പറഞ്ഞു. തൊഴില്‍ രഹിതരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തവര്‍ ആയതിനാല്‍ റീട്ടെയില്‍ മേഖലയാണ് അവര്‍ക്ക് കൂടുതല്‍ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സൗദി യുവാക്കളെയും യുവതികളെയും ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. 

മതിയായ വേതനവും മറ്റു ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുക, വനിതാ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക, തുടങ്ങിയവ ഇതില്‍പെടും. അടുത്ത സെപ്റ്റംബര്‍ മുതല്‍ പന്ത്രണ്ടു മേഖലകളില്‍ കൂട് സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫര്‍ണീച്ചര്‍, വാഹന സ്പെയര്‍ പാര്‍ട്സുകള്‍, വാച്ച്,കണ്ണട, പലഹാരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍  തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ ഇതില്‍ പെടും. മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ ആണ് നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. ജ്വല്ലറി, മൊബൈല്‍ ഫോണ്‍ എന്നീ മേഖലകളില്‍ നേരത്തെ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.

click me!