ഉന്നാവ് പീഡനക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവ് മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി അതിജീവിതയുടെ അമ്മ. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്  അറിയിച്ചു. 

ദില്ലി: ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതീജീവിതയുടെ മാതാവ്. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അതീജീവിതയുടെ മാതാവ് വ്യക്തമാക്കി. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടും തണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്. അതിജീവിതയേയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പിന്നീട് ഇവരെ ദില്ലിയിലെ വീട്ടിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, കുൽദീപ് സിംഗ് സെൻഗറിന്‍റെ ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിലും അതിജീവിതയ്ക്കും മാതാവിനും നേരെയുണ്ടായ അതിക്രമത്തിലും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അതിജീവിതയെയും മാതാവിനെയും കണ്ടതിന് ശേഷം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ, 'ഇതാണോ അതിജീവിത അർഹിക്കുന്ന നീതി? നീതിക്കു വേണ്ടി ശബ്ദമുയർത്തിയതാണോ അവൾ ചെയ്ത തെറ്റ്' - എന്നാണ് ചോദിച്ചത്. ബി ജെ പി മുൻ എം എൽ എ കുൽദീപ് സിങ് സെൻഗറിന് ദില്ലി ഹൈക്കോടതി ജാമ്യം നൽകിയതിലും രാഹുൽ വിമർശനം ഉന്നയിച്ചു. അതിജീവിത ഭയത്തിലും പീഡനത്തിലും കഴിയുമ്പോൾ കോടതികളിൽ നിന്നുള്ള ഇത്തരം നടപടികൾ നിരാശാജനകവും ലജ്ജാകരവുമാണെന്നും അദ്ദേഹം വിമർശിച്ചു.

ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജിയിലാണ് ജീവപര്യന്തം കഠിനതടവ് മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നും ഹൈക്കോടതി ഉപാധി വച്ചിട്ടുണ്ട്. അതിജീവിതയെയും കുടുംബത്തെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലിൽ അന്തിമതീർപ്പാകും വരെയാണ് ജാമ്യം.