
സൗദിയില്‍ കടകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിര്‍ദേശം, അംഗീകാരത്തിനായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചു. അര്‍ദ്ധരാത്രി വരെ പ്രവർത്തിച്ചിരുന്ന കടകൾ, രാത്രിഒന്പത് മണിക്കുതന്നെ അടയ്ക്കാനാണ് നിർദേശം. വനിതകളടക്കം കൂടുതൽ പേരെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനാണ് നടപടി.
കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ നിര്‍ദേശം അംഗീകാരത്തിനും പുനപ്പരിശോധനയ്ക്കുമായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. നേരത്തെ ഈ നിര്‍ദേശം അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നുവെങ്കിലും വിശദമായ പഠനം നടത്താന്‍ സമിതി നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം വീണ്ടും പഠനം നടത്തിയതിനു ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയത്. രാത്രി ഒമ്പത് മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്നതില്‍ നിന്ന് ചില മേഖലകളെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഫാര്‍മസി, ഹറം പള്ളികളുടെ പരിസരത്തുള്ള കടകള്‍ തുടങ്ങിയവ ഇതില്‍ പെടും.
റമദാന്‍ മാസത്തിലും പ്രവൃത്തി സമയത്തില്‍ ഇളവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അര്‍ദ്ധരാത്രി വരെ ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കാറുണ്ട്. ഇതുകാരണം സൗദി വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പുതിയ നിര്‍ദേശത്തിന്റെ പ്രധാന ലക്‌ഷ്യം. ഏറെക്കാലമായി സമയമാറ്റത്തെ കുറിച്ച ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനു ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ സൌദികളും രാജ്യത്തെ വിദേശികളും ഏറെ കാലമായി പിന്തുടരുന്ന ജീവിത ശൈലി തന്നെ മാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam