ട്രംപ് ഭരണകൂടം ചൈനയുമായി വ്യാപാര ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ നീക്കം. അതുകൊണ്ടുതന്നെ യു എസ് - ചൈന വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലാകാനുള്ള സാധ്യതയാണ് ഉയരുന്നത്

പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ നേത‍ൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിന്‍റെ ലോകത്തെ അമ്പരപ്പിക്കുന്ന നീക്കം. തായ്‌വാനുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 11.1 ബില്യൻ ഡോളർ അഥവാ ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ആയുധ ഇടപാടാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്), ഹൗവിറ്റ്സർ ആർട്ടിലറി, ആന്റി-ടാങ്ക് മിസൈലുകൾ, ലോയിറ്ററിങ് മുനിഷൻസ് (സൂയിസൈഡ് ഡ്രോണുകൾ), മിലിട്ടറി സോഫ്റ്റ്‌വെയർ, നിരീക്ഷണ ഡ്രോണുകൾ തുടങ്ങി വൻ ഇടപാടുകളാണ് ഈ വമ്പൻ കരാറിലുള്ളത്. തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ നവംബറിൽ പ്രഖ്യാപിച്ച 40 ബില്യൻ ഡോളർ പ്രതിരോധ ബജറ്റിന്റെ ഭാഗമായുള്ള ഇടപാടിനാണ് ട്രംപ് ഭരണകൂടം പച്ചക്കൊടി കാട്ടിയത്.

ചൈനക്ക് കനത്ത പ്രഹരം

ചൈനയുടെ ശക്തമായ സൈനിക ഭീഷണി നേരിടാൻ തായ്‌വാന് ശക്തിയേകുന്നതാണ് ഈ കരാർ. അമേരിക്കൻ കോൺഗ്രസ് അംഗീകാരത്തിന് ശേഷം ഈ കരാർ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1979 ലെ തായ്‌വാൻ റിലേഷൻസ് ആക്ട് പ്രകാരം തായ്‌വാന്റെ സ്വയം പ്രതിരോധ ശേഷി ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ഔദ്യോഗിക നയതന്ത്ര ബന്ധമോ സൈനിക സഖ്യമോ ഇല്ലെങ്കിലും അമേരിക്ക, തായ്‌വാനെ ഇക്കാലയളവിൽ വലിയ തോതിൽ സഹായിക്കാറുമുണ്ട്. അതിനിടയിലാണ് ചൈനയുടെ ആക്രമണ ഭീഷണി നേരിടാൻ തായ്‌വാനെ പര്യപ്തമാക്കുന്നതാകും പുതിയ ആയുധ കരാറെന്നാണ് വിലയിരുത്തലുകൾ. തായ്‌വാന് മേൽ ബലപ്രയോഗം നടത്താറുള്ള ചൈനയെ സംബന്ധിച്ചടുത്തോളം അമേരിക്കയുടെ പുതിയ നീക്കം കനത്ത പ്രഹരമാണ്.

തായ്‌വാനെ ആക്രമിച്ചാൽ ജപ്പാനും ഇടപെടുമെന്ന ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ ഇടപാട് എന്നതും ശ്രദ്ധേയമായി. ട്രംപ് ഭരണകൂടം ചൈനയുമായി വ്യാപാര ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ നീക്കം. അതുകൊണ്ടുതന്നെ യു എസ് - ചൈന വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലാകാനുള്ള സാധ്യതയാണ് ഉയരുന്നത്. അതിനിടെ ഈ കരാറിനെ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്തെത്തി. ഇത് തങ്ങളുടെ പരമാധികാരത്തിനും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തിനും ഭീഷണിയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അതേസമയം തായ്‌വാൻ പ്രതിരോധ മന്ത്രാലയം ഈ ഇടപാടിനെ സ്വാഗതം ചെയ്തു. ഇത് രാജ്യത്തിന്റെ യുദ്ധശേഷി വർധിപ്പിക്കുമെന്നാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രതികരണം.