ബംഗ്ലാദേശിൽ വീണ്ടും ഭീകരാക്രമണം; 4 മരണം

By Web DeskFirst Published Jul 7, 2016, 6:34 PM IST
Highlights

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഭീകരാക്രമണം. കിഷോര്‍ഗഞ്ജ് ജില്ലയില്‍ ഈദ് ഗാഹിനിടെ നടന്ന ബോംബ് സ്ഫോടനത്തിൽ രണ്ടു പൊലീസുകാരടക്കം നാലുപേർ മരിച്ചു. ഇതിനിടയില്‍ മുംബൈയിലെ ഒരു മതപണ്ഡിതന്റെ വാക്കുകളാണ് ധാക്കയിലെ ആക്രണത്തിന് പ്രേരിപ്പിച്ചതെന്ന് ഭീകരര്‍ പറഞ്ഞതിനെ കുറിച്ച് ഇന്ത്യ അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍എസ്ജി സംഘത്തെ ധാക്കയിലേക്ക് അയക്കാനും ഇന്ത്യ തീരുമാനിച്ചു.

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് പ്രാര്‍ത്ഥനാ ചടങ്ങിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് പോലീസുകാരടക്കം നാലു പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കിഷോര്‍ഗഞ്ജ് ജില്ലയിലെ ഷോലാക്കിയയിലായിരുന്നു ആക്രമണം. മരിച്ചവരില്‍ ഒരു തീവ്രവാദിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ജനത വീണ്ടും ഭീകരാക്രമത്തിന് ഇരയായതായി ബംഗ്ലാദേശ് മന്ത്രി ഹസനുള്‍ ഹഖ് ഈനു വ്യക്തമാക്കി.

കഴിഞ്ഞാഴ്ച ധാക്കയിലെ ഒരു റെസ്റ്റോറന്‍റിന് നേരെ നടന്ന ആക്രമണത്തില്‍ വിദേശികളുള്‍പ്പെടെ ഇരുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രമണം നടന്നത് ബംഗ്ലാദേശിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ മുംബൈയിലെ ഒരു മതപണ്ഡിതനായ സക്കീര്‍ നായികിന്‍റെ വാക്കുകളാണ് ധാക്കയിലെ തീവ്രവാദി ആക്രമണത്തിന് പ്രചോദനമായതെന്ന് പിടിയിലായ ഭീകരവദി വെളിപ്പെടുത്തിയതായുള്ള  വിവരം പുറത്തു വന്നു.

മുസ്ലീങ്ങള്‍ നടത്തുന്ന തീവ്രവാദി ആക്രമണങ്ങളോടും ഇസ്ലാമിക് സ്റ്റേറ്റിനോടും അനുകൂല നിലപാടാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.  ഇതേതുടര്‍ന്ന് ഇയാളുടെ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.  ഇതിനൊപ്പം ധാക്കയിയേലയും കിഷോര്‍ഗഞ്ജിലേയും സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ സഹായിക്കാനായി എന്‍എസ്ജി സംഘത്തെ  ബംഗ്ലാദേശിലേക്ക് അയക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

 

click me!