സൗദി പൊതുമേഖലയിലെ സ്വദേശിവല്‍ക്കരണത്തില്‍ കുറവ്

By Web DeskFirst Published Nov 20, 2016, 1:46 PM IST
Highlights

ജിദ്ദ: സൗദിയിലെ പൊതുമേഖലയില്‍ സ്വദേശീവല്‍ക്കരണത്തിന്‍റെ തോത് വന്‍തോതില്‍   കുറഞ്ഞതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സൗദിവല്‍ക്കരണം നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം സൗദി ശൂറാ കൌണ്‍സില്‍ വീണ്ടും ചര്‍ച്ച ചെയ്യും. തൊട്ടു മുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം പൊതുമേഖലയില്‍ സ്വദേശീവല്‍ക്കരണത്തിന്‍റെ തോത് എണ്‍പത്തിമൂന്ന് ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം 111 തസ്തികകള്‍ മാത്രം സ്വദേശീവല്‍ക്കരിച്ചപ്പോള്‍ മുന്‍ വര്‍ഷം 656 തസ്തികകള്‍ സ്വദേശീവല്‍ക്കരിച്ചിരുന്നതായി അല്‍ വതന്‍ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് 1,782തസ്തികകള്‍ സ്വദേശീവല്‍ക്കരിച്ചിരുന്നു. പുതുതായി ജോലി ലഭിക്കുന്നത് തൊണ്ണൂറു ശതമാനവും ആരോഗ്യ മേഖലയിലാണ്. അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് സൗദി ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് കൌണ്‍സില്‍ പ്രതിനിധി അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ് അറിയിച്ചു.

സ്വദേശീവല്‍ക്കരണ സംബന്ധമായ നിയമങ്ങള്‍ തയ്യാറാക്കുക, പല മേഖലകളും വെവ്വേറെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സൗദി വല്‍ക്കരണ പദ്ധതികള്‍ ഏകീകരിക്കുക, പദ്ധതി നടത്തിപ്പുകള്‍ നിരീക്ഷിക്കുക തുടങ്ങിയവ സമിതിയുടെ ചുമതലയായിരിക്കും. ഉത്പാദന മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് ജോലി കണ്ടെത്തുക ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പരമാവധി സ്വന്തം ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വരാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയവ സമിതിയുടെ ലക്ഷ്യങ്ങളില്‍ പെടും.

പെട്രോള്‍, പ്രകൃതി വാതകം, പെട്രോ കെമിക്കല്‍സ്, വൈദ്യുതി, ജല ശുദ്ധീകരണം, ഊര്‍ജം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്വദേശീവല്‍ക്കരണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ശൂറാ കൌണ്‍സിലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ സമിതി യാധാര്ത്യമാകും. എന്നാല്‍ സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്തിരിന്നുവെങ്കിലും ഭൂരിപക്ഷം അംഗങ്ങളും അംഗീകരിക്കാത്തതിനാല്‍ നിര്‍ദേശം തള്ളുകയായിരുന്നു.

 

click me!