
കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് തുണയായി കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയേൺമെൻറ്), ''സേവ് നിരാമയാ ഹെൽപ്'' പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നു. കേന്ദ്ര-കേരള സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന നിരാമയ ഇൻഷ്വറൻസ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സഹായ പദ്ധതിയാണ് സേവ് നിരാമയ. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസോഡർ എന്നീ വൈകല്യങ്ങൾ ഉള്ളവർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക.
വർഷത്തിൽ ഒരു ലക്ഷം രൂപ വരെ ചികിത്സാചെലവ് ലഭിക്കും. ഒപി ചികിത്സാച്ചെലവും ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. കേന്ദ്ര സർക്കാരിന്‍റെ ഈ പദ്ധതിയിൽ എപിഎൽ, ബിപിഎൽ വിഭാഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പ്രീമിയം തുക കേരള സർക്കാർ വഹിക്കുകയാണ്. ഫലത്തിൽ ഗുണഭോക്താക്കൾക്ക് സൗജന്യമായി ആനുകൂല്യങ്ങൾ ലഭിക്കും. ജില്ലയിലെ വിദ്യാലയങ്ങളിൽ ഇത്തരം വൈകല്യങ്ങൾ ഉള്ള മുഴുവൻ കുട്ടികളെയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും നടത്തും. സേവിന്‍റെ www.savevatakara.weebly.com എന്ന വെബ്സൈറ്റിലെ information എന്ന പേജിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്തു, ഡിസബിലിറ്റി സർട്ടിഫിക്കെറ്റ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും ഫോട്ടൊയും സഹിതം എസ്എൻഎസി, മനോവികാസ്, പല്ലിശേരിക്കൽ- പിഒ, ശാസ്താംകോട്ട, കൊല്ലം. 690521എന്ന വിലാസത്തിലേക്ക് ജൂലൈ 31 നകം എത്തുന്ന രീതിയിൽ അയച്ചു കൊടുക്കണം. ഇൻഷ്വറൻസ് കാർഡ് ഗുണഭോക്താക്കൾക്ക് തപാലിൽ ലഭിക്കും.
വർഷംതോറും കാർഡ് പുതുക്കണം. ഇതിനുള്ള പ്രീമിയവും സർക്കാർ വഹിക്കും. വിദ്യാർഥികൾ അല്ലാത്തവർക്കും സേവിന്‍റെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 26 രണ്ട് മണിക്ക് കോഴിക്കോട് സെന്‍റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളിൽ കവി പി.കെ. ഗോപി നിർവഹിക്കും. സ്കൂളിന്‍റെയും ബഡ്സ് സ്കൂളിന്‍റെയും പ്രതിനിധികൾ അന്ന് അവിടെ എത്തിച്ചേർന്നാൽ ആവശ്യമായ ഫോറങ്ങൾ വിതരണം ചെയ്യുന്നതാണ്. സംശയങ്ങൾക്ക് ഫോൺ 9447262801.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam