
കാസര്‍കോട്: ഉത്സവാഘോഷ സ്ഥലങ്ങളില്‍ സാക്‌സോഫോണിലൂടെ ദേവസംഗീതം വായിച്ച് താരങ്ങളാവുകയാണ് കാസര്‍കോട് കുഡ്‌ലു സ്വദേശി ഉദയനും ഭാര്യ മഞ്ജുഷയും. പഞ്ചവാദ്യവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വെഞ്ചാമരവും ആലവട്ടവും മോഡികൂട്ടുന്ന ഉത്സവങ്ങളില്‍ ഉദയനും ഭാര്യയും സാക്‌സോഫോണിലൂടെ തീര്‍ക്കുന്ന ദേവസംഗീതം വേറിട്ട ഉത്സവാനുഭവവമാകുന്നു. കഴിഞ്ഞ ദിവസം നീലേശ്വരം തളിയില്‍ ക്ഷേത്രോസവത്തിനെത്തിയ ഇരുവരും പക്കമേളത്തിന്റെ അകമ്പടിയില്‍ മൂന്നു മണിക്കൂറോളമാണ് ദേവസംഗീതം വായിച്ചത്.
കുഡ്‌ലുവിലെ ബാന്‍ഡ് മാസ്റ്ററായിരുന്ന പരേതനായ സുരേഷിന്റെ മകന്‍ ഉദയന്‍ കഴിഞ്ഞ 20 വര്‍ഷമായി സാക്‌സോഫോണിസ്റ്റാണ്. സാക്‌സോഫോണില്‍ പാരമ്പര്യമായി കിട്ടിയ കഴിവുകളുമായി ഉദയന്‍ ചുറ്റാത്ത രാജ്യങ്ങളില്ല. യൂറോപ്പിലാണ് ഈ ദമ്പതികള്‍ ഏറ്റവും കൂടുതല്‍ കച്ചേരികള്‍ നടത്തിയിട്ടുള്ളത്.
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കര്‍ണ്ണാടകയിലും ഉദയനും മഞ്ജുഷയും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അച്ഛനോടൊപ്പമായിരുന്നു ഉദയന്‍ സാക്‌സോഫോണ്‍ വായിച്ചിരുന്നത്. പിന്നീട് അച്ഛന്റെ മരണശേഷം കച്ചേരിയിലേക്ക് പൂര്‍ണ്ണമായും തിരിഞ്ഞ ഉദയന്‍ വിവാഹശേഷം ഭാര്യ മഞ്ജുഷയെയും കൂടെ കൂട്ടുകയായിരുന്നു. ആദ്യമൊക്കെ ക്ഷേത്രങ്ങളില്‍ ഉദയന്‍ വായിക്കുന്നത് നോക്കിയിരുന്ന മഞ്ജുഷ പിന്നീട് ഉദയനൊപ്പം സാക്‌സോഫോണിസ്റ്റാവുകയായിരുന്നു. പത്തുവര്‍ഷമായി ഉദയനോടൊപ്പം മഞ്ജുഷയും ഇപ്പോള്‍ ക്ഷേത്രോത്സവങ്ങളില്‍ സജ്ജീവമാണ്. കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ പുരസ്‌കാരങ്ങളും ഈ ദമ്പതികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam