ഒരു അഡാര്‍ ലവ്: എഫ് ഐ ആറിന്മേലുള്ള നടപടികള്‍ക്ക് സ്റ്റേ

By Web DeskFirst Published Feb 21, 2018, 12:14 PM IST
Highlights

ദില്ലി:  ഒരു അഡാര്‍ ലവ് സിനിമാ പാട്ടിനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രൊമോഷണല്‍ വീഡിയോക്കെതിരെ ഭാവിയില്‍ രാജ്യത്തെ ഒരു പൊലീസ് സ്റ്റേഷനിലും കേസെടുക്കാന്‍ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലെ നായിക പ്രിയ വാര്യര്‍, സംവിധായകന്‍ ഒമര്‍, നിര്‍മാതാവ് ഔസേപ്പച്ചന്‍  എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേസ് പരിഗണിച്ചയുടന്‍, ഹൈക്കോടതിയെ സമീപിക്കാതെ എന്തു കൊണ്ട് സുപ്രീംകോടതിയില്‍ നേരിട്ടെത്തി എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ഹൈദരാബാദിലും ഔറംഗബാദിലും നിലവില്‍ എഫ് ഐ  ആര്‍ രജസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഹാരിസ് ബീരന്‍ മറുപടി നല്‍കി. യൂട്യൂബില്‍  അപ് ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്‍റെ പല ഭാഗത്തും ഇനിയും കേസ് വരാന്‍ സാധ്യതയുണ്ട്. 

പല സംസ്ഥാനങ്ങളിലും കേസ് നടത്തുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് പരമോന്നത കോടതിയെ നേരിട്ട് സമീപിച്ചതെന്നും  ഇടക്കാല ഉത്തരവ് വേണമെന്നും അഭിഭാഷകന് പറഞ്ഞു. ക്രിമിനല്‍ കേസ് വന്നപ്പോള്‍ പേടി  തോന്നിയിരുന്നുവെന്നും ഇനി സമാധാനമായി സിനിമ ചിത്രീകരയണവുമായി മുന്നോട്ട പോകാമെന്നും പ്രിയ വാര്യര്‍പ്രതികരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്  അയച്ച കോടതി, ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും

click me!