ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോര്‍ഡില്‍ നിന്നും മാറ്റണമെന്ന ഹര്‍ജി വ്യാഴാഴ്ച്ച പരിഗണിക്കും

By Web TeamFirst Published Jan 23, 2019, 12:08 PM IST
Highlights

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന്  മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമിയും ബി.ജെ.പി ഇന്റലക്ച്വൽ സെൽ കണ്‍വീനര്‍  ടി.ജി.മോഹൻദാസും നൽകിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴഴ്ച്ചയിലേക്ക് മാറ്റി

ദില്ലി: ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന്  മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമിയും ബി.ജെ.പി ഇന്റലക്ച്വൽ സെൽ കണ്‍വീനര്‍  ടി.ജി.മോഹൻദാസും നൽകിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴഴ്ച്ചയിലേക്ക് മാറ്റി. 

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ക്ഷേത്രങ്ങളുടെ വരുമാനം പൊതുഖജനാവിലേക്ക് മാറ്റുന്നു എന്ന ആരോപണം അടിസ‌ഥാന രഹിതമെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ദേവസ്വം ബോർഡ് രൂപീകരിച്ചതെന്നും സത്യാവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച കോടതി ഇതിന്‍റെ പകര്‍പ്പ് സുബ്രഹ്മണ്യം സ്വാമിക്ക് നല്‍കാന്‍ നിര്‍ദേശിച്ചു. അതേസമയം ശബരിമല പുനപരിശോധന ഹർജികളിലെ തീരുമാനം വരുന്നത് വരെ കേസ് മാറ്റണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ശബരിമല കേസിലെ തീരുമാനം ദേവസ്വം ബോർഡ് കേസിലും പ്രധാനപ്പെട്ടതാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 

കേസിൽ നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കൊച്ചി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. എൻ.എസ്.എസിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡുകളുടെ കീഴിൽ നിന്ന് മാറ്റണമെന്ന ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജി.

click me!