
തിരുവനന്തപുരം: ഭരണഘടനാ ബഞ്ചിന്‍റെ ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകുന്നതിൽ ദേവസ്വം ബോർഡിൻറെ അന്തിമ തീരുമാനം ഇന്ന്. കോൺഗ്രസ്സിനെയും ബിജെപിയെയും വെട്ടിലാക്കി പന്തളം - തന്ത്രി കുടുംബങ്ങളെ ഒപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കത്തിലാണ് സർക്കാർ.
യുവതീ പ്രവേശനത്തിൽ സർക്കാർ വിട്ട് വീഴ്ചക്കില്ല, പക്ഷേ ദേവസ്വം ബോർഡ് വഴി സമവായ നീക്കത്തിനാണ് ശ്രമം. ദേവസ്വം ബോർഡിന്‍റേത് സ്വതന്ത്ര നിലപാടെന്നാണ് സർക്കാർ വിശദീകരണമെങ്കിലും പിന്നിൽ സിപിമ്മിന്‍റെ രാഷ്ട്രീയ തീരുമാനം തന്നെയാണ്. സർവ്വകക്ഷി യോഗത്തിൽ സാവകാശമില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പന്തളം - തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയിൽ അയഞ്ഞു.
സർക്കാറിന് പറ്റില്ലെങ്കിൽ ബോർഡ് സാവകാശ ഹർജി നൽകണമെന്ന് പന്തളം - തന്ത്രി കുടുംബങ്ങളുടെ ആവശ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചതോടെയാണ് സമവായ സാധ്യത തെളിഞ്ഞത്. ചർച്ചക്ക് മുമ്പ് മുഖ്യമന്ത്രി - ദേവസ്വം പ്രസിഡണ്ട് കൂടിക്കാഴ്ചയിൽ തന്നെ സാവകാശ ഹർജിക്ക് ധാരണയായിരുന്നു. ഈ വിട്ടുവീഴ്ചയെങ്കിലുമില്ലെങ്കിൽ പന്തളം - തന്ത്രി കുടുംബങ്ങളും വിധിയെ എതിർക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ചേരിക്കൊപ്പം അണിനിരക്കുമെന്ന് സർക്കാർ കണക്ക് കൂട്ടിയിരുന്നു.
പ്രതിഷേധക്കാരുടെ കൂട്ടായ്മയിൽ വിള്ളൽ വീഴ്ത്താനാണ് സര്‍ക്കാര്‍ ബോർഡിനെ ഉപയോഗിച്ചത്. അതേ സമയം നടതുറക്കാൻ മണിക്കൂറുകൾ മാത്രമം അവശേഷിക്കെ സാവകാശ ഹർജി എന്തിന് വൈകിച്ചുവെന്നാകും കോൺഗ്രസ്സും ബിജെപിയും വിമർശനം ഉന്നയിക്കുക.
സുപ്രീം കോടതിയിലെ അഭിഭാഷകരുമായി ആലോചിച്ചാകും ബോർഡ് അന്തിമ തീരുമാനം എടുക്കുക. പുനപരിശോധനാ ഹർജികൾ കേൾക്കണമെന്ന ആവശ്യം നേരത്തെ തന്നെ സുപ്രീം കോടതി തള്ളിയിരുന്നു. ഈ സഹചര്യത്തിൽ സാവകാശ ഹർജിയുടെ ഭാവി എന്താകുമെന്നതും പ്രധാനമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam