എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

By Afsal EFirst Published Nov 16, 2018, 7:09 AM IST
Highlights

വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പൊലീസ് തള്ളിയിരുന്നെങ്കിലും  നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല.  പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. 

കൊച്ചി: എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒരുതരത്തിലും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയതോടെ ഓണ്‍ലൈന്‍ ടാക്സി വരുത്തി ഇവരെ അടുത്തുള്ള ഹോട്ടലിലേക്കെങ്കിലും മാറ്റാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീ പെയ്‍ഡ് ടാക്സി ജീവനക്കാര്‍ അറിയിച്ചിരുന്നു.

പുലര്‍ച്ചെ 4.45ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് രാവിലെ ഏഴ് മണിയായിട്ടും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് അഞ്ച് സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ട്. സംഘം എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പൊലീസ് തള്ളിയിരുന്നെങ്കിലും  നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല.  പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രീ പെയ്ഡ് ടാക്സി തൊഴിലാളികള്‍ ഇത് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ടാക്സി വരുത്തി ഇവരെ അടുത്തുള്ള ഹോട്ടലിലേക്ക് എങ്കിലും മാറ്റാനാണ് പൊലീസിന്റെ ശ്രമം.

പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിമാനത്താവളത്തിന് പുറത്തുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. 

click me!