
ദില്ലി: ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകൾ പുന:സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ആവശ്യമെങ്കിൽ ഓര്‍ഡിനൻസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. രാജ്യം അംബേദ്കര്‍ ജയന്തി ആചരിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളിൽ അംബേദ്കര്‍ പ്രതിമയ്ക്കുനേരെ ആക്രമണമുണ്ടായി.
ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ഓര്‍ഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം. ദളിതര്‍ക്കെതിരായ അതിക്രമക്കേസിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നൽകിയ പുന:പരിശോധനാ ഹര്‍ജിയിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കേന്ദ്രം ഓര്‍ഡിനൻസ് കൊണ്ടുവരും. രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ നടത്തിയ യോഗത്തിന്‍റേതാണ് തീരുമാനം.
പുന:പരിശോധനാ ഹര്‍ജി നൽകാൻ 11 ദിവസം വൈകിയത് സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിച്ചുവെന്ന് യോഗത്തിൽ വിമര്‍ശനമുണ്ടായി. കോടതി വിധി അരക്ഷിതാവസ്ഥയും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും നിയമം ദുരുപയോഗം ചെയ്യാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹര്‍ജി നൽകി. അതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലും സിതാപൂരിലും അംബേദ്കര്‍ പ്രതിമ ആക്രമികൾ തകര്‍ത്തു.
അഹമ്മദാബാദിൽ അംബേദ്കര്‍ പ്രതിമയിൽ പുഷ്പാര്‍ച്ചാന നടത്താനെത്തിയ ബിജെപി എംപി കിരിത് സോളാങ്കിയെ ദളിത് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. അഞ്ച് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ലമെന്‍റ് ഹൗസിൽ അംബേദ്കറിന്‍റെ ഛായ ചിത്രത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി, എൽ കെ അധ്വാനി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ഭരണഘടനാ സംരക്ഷണ ദിനമായാണ് അംബേദ്കര്‍ ജയന്തി ദളിത് സംഘടനകൾ ആചരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam