അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കൂട്ടണമെന്ന് സുപ്രീംകോടതി

By Web DeskFirst Published Sep 21, 2016, 10:14 AM IST
Highlights

ദില്ലി: അശ്രദ്ധമായി വാഹനമോടിക്കുന്നവർ‍ക്കുള്ള ശിക്ഷ കൂട്ടണമെന്ന് സുപ്രീംകോടതി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വാഹനാപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ സ്വമേധയ തുടങ്ങിയ നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

വാഹനഗതാഗത നിയമങ്ങൾ കർശനമാക്കണം. ഇന്ത്യൻ ശിക്ഷ നിയമം 304 എ പ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നതിന് രണ്ട് വർഷം തടവാണ് പരമാവധി ശിക്ഷ. ഇത്തരം നിയമങ്ങൾ ഭേദഗതി ചെയ്യണം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. സാഹസികതയുടെ പേരിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നത് ഓടിക്കുന്നവരുടേയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്.  

അപകടങ്ങൾ ഉണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കേന്ദ്രസർക്കാർ കർശന നടപടികളെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറ‌ഞ്ഞ അറ്റോണി ജനറൽ മുകുൾ റോത്തക്കി നിയമലംഘനത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും സുപ്രീംകോടതിയെ അറിയിച്ചു.

click me!