സംസ്ഥാന സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും തട്ടിപ്പ്

By Web DeskFirst Published Mar 21, 2018, 1:27 PM IST
Highlights

പണം കൈമാറുന്നതിന് തൊട്ടുമുന്‍പാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കോളര്‍ഷിപ്പിന്‍റെ പേരില്‍ വീണ്ടും തട്ടിപ്പ്. അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിലാണ് തട്ടിപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലാണ് അനര്‍ഹര്‍ നുഴഞ്ഞുകയറിയത്.  പണം കൈമാറുന്നതിന് തൊട്ടുമുന്‍പാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്ന സൈറ്റിലാണ് നുഴഞ്ഞുകയറ്റമുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള അധ്യാപകരുടെ, മികച്ച പഠനം നടത്തുന്ന മക്കള്‍ക്ക്, സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്.

സാധാരണ രീതിയില്‍ വാര്‍ഷിക വരുമാനം നിശ്ചിത പരിധിയില്‍ കുറവുള്ള അധ്യാപകരുടെ മക്കള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുള്ളത്. 24 പേര്‍ക്ക് അനധികൃതമായി സ്കോളര്‍ഷിപ്പ് അനുവദിച്ച കാര്യമാണ് വിദ്യാഭ്യാസ ഡയരക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ ആരും അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. മാത്രമല്ല, ഈ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരും അധ്യാപകരല്ല. കോടികണക്കിന് രൂപ സ്കോളര്‍ഷിപ്പിനായി മാറ്റിവച്ച ഘട്ടത്തിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. 

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ  കീഴിലുള്ള സൈറ്റില്‍ നുഴഞ്ഞ് കയറി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പിലും തട്ടിപ്പ് കണ്ടെത്തിയത്.

കോളേജ്  വിദ്യാഭ്യാസ ഡയരക്ടറുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ  നിരവധി സ്കോളര്‍ഷിപ്പുകളുണ്ട്. ഇതിലൊന്നിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.  ഇത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിനെ തുടര്‍ന്ന് കോളേജ് ഡയരക്ടര്‍ 24 പേരുടെ പട്ടികയില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

click me!