പ്രായത്തട്ടിപ്പ് വിവാദം; സ്ഥിരീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, മറുനാടൻ വിദ്യാർത്ഥി മത്സരിച്ചത് വ്യാജആധാറുമായി, സ്കൂളിനോട് വിശദീകരണം തേടും

Published : Nov 07, 2025, 05:15 PM ISTUpdated : Nov 07, 2025, 05:44 PM IST
age fraud scam sports

Synopsis

അണ്ടർ 19 സീനിയർ വിഭാ​ഗത്തിൽ മത്സരിച്ചത് 21 കാരിയായ പെൺകുട്ടിയാണ്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിനോട് വിശദീകരണം തേടും.

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തി 21കാരി മത്സരിച്ചെന്ന് സ്ഥിരീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. രണ്ടിനങ്ങളിൽ വെളളി നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ മറുനാടൻ താരം നൽകിയത് വ്യാജ ആധാർ രേഖയെന്ന് കണ്ടെത്തി. വിശദീകരണം തേടിയ ശേഷം സ്കൂളിനെതിരെ നടപടിയെടുക്കും. താരത്തെ അയോഗ്യയാക്കും. ഏഷ്യാനെറ്റ് ന്യൂസാണ് പ്രായത്തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നത്.

19 വയസ്സിൽ താഴെയുളള കുട്ടികൾക്ക് മാത്രം മത്സരിക്കാവുന്ന സ്കൂൾ കായികമേളയിലാണ്  21 വയസ്സുളള യുവതി പങ്കെടുത്തെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന പ്രായത്തട്ടിപ്പ് വാർത്ത ശരിവക്കുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം.

സീനിയർ പെൺകുട്ടികളുടെ 100,200 മീറ്റർ ഓട്ടത്തിൽ വെളളി നേടിയ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂളിലെ വിദ്യാർത്ഥിക്കെതിരെയായിരുന്നു പരാതി. ഉത്തർപ്രദേശ് സ്വദേശിയായ താരം സ്കൂൾ പ്രവേശനത്തിന് നൽകിയ ആധാർ രേഖയിൽ ജനനത്തീയതി 2007 മെയ് നാല്. എട്ടാം ക്ലാസിൽ പഠിക്കുന്ന താരത്തിന് പ്രായം പതിനെട്ട്. എന്നാൽ ഉത്തർപ്രദേശ് അത്‍ലറ്റിക് അസോസിയേഷന്‍റെ വെബ്സൈറ്റിലുളള ജനനത്തീയത് 2004 മെയ് നാല്. പ്രായം ഇരുപത്തിയൊന്ന്. ഏതാണ് ശരിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ചു. സ്കൂൾ പ്രവേശനത്തിന് നൽകിയ ആധാർ രേഖ വ്യാജമെന്ന് കണ്ടെത്തി.സ്കൂളിനോടും താരത്തോടും വിശദീകരണം തേടും.പിന്നാലെ നടപടി വരും. താരത്തെ അയോഗ്യയാക്കും. മത്സരഫലങ്ങളും മാറും. രണ്ടും മൂന്നും സ്ഥാനങ്ങളിലാകും മാറ്റം.സ്കൂളിനെതിരെ വകുപ്പുതല നടപടിയുണ്ടാകും.

വ്യാജരേഖയുണ്ടാക്കിയതിൽ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. മുപ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്ത് മറുനാട്ടിൽ നിന്നുളള കുട്ടികളെ കായികമേളയ്ക്ക് എത്തിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. പിന്നിൽ വൻ മാഫിയയെന്നും പരാതിയുണ്ടായി.കൂടുതൽ താരങ്ങൾക്കെതിരെയും സ്കൂളുകൾ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം