
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺഗ്രസ്. 12ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോഗ്യ രംഗത്തെ വീമ്പടിക്കൽ തെറ്റാണെന്ന് സർക്കാർ സമ്മതിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിലാണ് പ്രതികരണം.