
ഇന്നലെ ഉച്ചയ്‌ക്ക് 1.15നാണ് ബംഗളുരുവിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിന്റെ കരയില്‍ മസ്തി ഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം തുടങ്ങിയത്. കരയിലുള്ള രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മാധ്യമങ്ങളോട് സംസാരിച്ചു. നീന്താനറിയില്ലെങ്കിലും ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗത്തില്‍ അഭിനയിക്കുമെന്ന് ചിരിച്ചുകൊണ്ട് ഉദയ് പറഞ്ഞു. എങ്ങനെയായാലും ഈ രംഗത്തില്‍ അഭിനയിക്കുമെന്നും എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് അദ്ദേഹം ഹെലികോപ്റ്റില്‍ കയറുന്നതും ചാടുന്നതും. ആദ്യ ഹെലികോപ്റ്റര്‍ യാത്രയുടെ ആവേശമായിരുന്നു അനിലിന്. യാത്ര പോയി വന്നതിന് ശേഷം എത്രത്തോളം ആസ്വദിച്ചു എന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പൂജകള്‍ക്ക് ശേഷം സ്റ്റണ്ട് മാസ്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച് നായകന്‍ ദുനിയ വിജയിനോടൊപ്പം ഉദയും അനിലും ഹെലികോപ്റ്ററില്‍ തടാകത്തിന്റെ നടുവിലേക്ക് തിരിച്ചു. പദ്ധതിയനുസരിച്ച് ഉദയും അനിലും ആദ്യം ചാടി. പിന്നാലെ ദുനിയ വിജയും തടാകത്തിലേക്ക് കുതിച്ചു. കൂട്ടത്തില്‍ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്ന ദുനിയ വിജയ് മാത്രമാണ് നീന്തി രക്ഷപ്പെട്ടത്. ഉദയും അനിലും ഏഴുപത് അടിയോളം താഴ്ചയുള്ള തടാകത്തിലേക്ക് മുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ബോട്ട് യന്ത്ര തകരാര്‍ കാരണം പ്രവര്‍ത്തിക്കാതിരുന്നതും വിനയായി. 45 മിനുറ്റിന് ശേഷം മാത്രമാണ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. മതിയായ സുരക്ഷ ക്രമീകരണങ്ങളൊന്നും സജ്ജീകരിക്കാതെയാണ് ചിത്രീകരണം നടന്നിരുന്നത്.
നീന്തലറിയില്ല എന്ന് അറിയിച്ചിട്ടും ഉദയിനേയും അനിലിനേയും ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടാന്‍ സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് മുങ്ങിപ്പോയ നടന്മാരുടെ ബന്ധുക്കള്‍ ആരോപിച്ചു.. അശ്രദ്ധമായി ചിത്രീകരണം നടത്തിയതിന് മസ്തിഗുഡി സിനിമയുടെ സംവിധായകന്‍ നാഗശേഖര്‍, സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മ, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.. തിപ്പഗൊണ്ടനഹള്ളി തടാകത്തിന്റെ കരയില്‍ ചിത്രീകരണം നടത്തുന്നത് മാത്രമാണ് അനുമതി നല്‍കിയതെന്നും ഇത് ലംഘിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതെന്നും ബംഗളുരു ജലവിതരണ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ജയമ്മന മഗ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇരുപത്തിയെട്ട് വയസുകാരനായ ഉദയ് പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദുനിയ വിജയാണ് ഒരിക്കല്‍ ബംഗളുരുവിലെ പാര്‍ക്കില്‍ വച്ച് കണ്ട അനിലിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam