കടലില്‍ കണ്ടെത്തിയ അവശിഷ്‌ടങ്ങള്‍ വിമാനത്തിന്റേതല്ല; തെരച്ചില്‍ തുടരുന്നു

By Web DeskFirst Published Jul 24, 2016, 5:07 PM IST
Highlights

 ഓപ്പറേഷല്‍ തലാശ് എന്ന്  പേരിട്ട തെരച്ചില്‍ മോശം കാലാവസ്ഥയിലും തുടരുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. കാണാതായിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും വ്യോമസേനയുടെ എ എന്‍ 32 വിമാനത്തെക്കുറിച്ച് ഒരു സൂചനകളും ലഭിയ്‌ക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിയ്‌ക്കുകയാണ്. ചെന്നൈ താംബരം വ്യോമസേനാസ്ഥാനത്തു നിന്ന് 137 കിലോമീറ്റര്‍ പിന്നിട്ടതിനു ശേഷമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. ഈ പ്രദേശത്തിന്‍റെ 360 നോട്ടിക്കല്‍ മൈല്‍ ചുറ്റളവിലാണ് ഇപ്പോള്‍ സംയുക്ത സൈനികസംഘം തെരച്ചില്‍ കേന്ദ്രീകരിച്ചിരിയ്‌ക്കുന്നത്.

തെരച്ചിലിനുള്ള സന്നാഹവും വിപുലപ്പെടുത്തിയിട്ടുണ്ട്. നാവികസേനയുടെ 13ഉം കോസ്റ്റ് ഗാര്‍ഡിന്‍റെ ആറുമടക്കം 19 കപ്പലുകള്‍ ഇപ്പോള്‍ തെരച്ചിലില്‍ പങ്കെടുക്കുന്നു. നാവികസേനയുടെ എട്ടും വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും രണ്ട് വീതവും വിമാനങ്ങളും വ്യോമമാര്‍ഗം തെരച്ചില്‍ നടത്തുന്നുണ്ട്. വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍ നിന്നുള്ള സന്ദേശങ്ങള്‍ അന്വേഷിച്ച് മേഖലയില്‍ മുങ്ങിക്കപ്പലും തെരച്ചില്‍ നടത്തുന്നു. തെരച്ചിലിനായി ഐ.എസ്.ആ‌ര്‍.ഒയുടെ ഭൂതലനിരീക്ഷണ ഉപഗ്രഹമായ റിസാറ്റിന്‍റെ സഹായവും പ്രതിരോധമന്ത്രാലയം തേടിയിട്ടുണ്ട്.അതേസമയം, ഇന്നലെ ഈ മേഖലയില്‍ കണ്ടെത്തിയ ലോഹാവശിഷ്‌ടങ്ങളും സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളും കാണാതായ വിമാനത്തിന്‍റേതല്ലെന്ന് തെരച്ചില്‍ സംഘം സ്ഥിരീകരിച്ചു.

click me!