ഗൂഗിളിനോട് 'വിഡ്ഢി'യുടെ ചിത്രം ചോദിക്കൂ; സെര്‍ച്ചില്‍ തെളിയുന്നത് ഡൊണാള്‍ഡ് ട്രംപ്!

By Web DeskFirst Published Jul 20, 2018, 5:09 PM IST
Highlights
  • നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ സമാനരീതിയില്‍ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നു

സാൻഫ്രാൻസിസ്‍കോ: 'വിഡ്ഢി'യുടെ ചിത്രമാണോ ഗൂഗിള്‍ ഇമേജസില്‍ പരതുന്നത്? സെര്‍ച്ചിന് ഗൂഗിള്‍ മുന്നോട്ടുവെക്കുന്ന ഉത്തരംകണ്ട് ഞെട്ടുമെന്നത് തീര്‍ച്ഛയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ചിത്രങ്ങളും വാര്‍ത്തകളുമാണ് 'ഇഡിയറ്റ്' എന്ന സെര്‍ച്ചിന് ഗൂഗിളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്. ട്രംപിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.​

ഗൂഗിൾ അൽ​ഗോരിതത്തിൽ ഇഡിയറ്റ് എന്ന വാക്കും ട്രംപിന്റെ ചിത്രവുമായി ലിങ്ക് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡിറ്റില്‍ തുടങ്ങിയ ട്രെന്‍ഡാണ് ഗൂഗിളിലേക്കും എത്തിയിരിക്കുന്നത്. ഇഡിയറ്റ് എന്ന വാക്കിനൊപ്പം ട്രംപിന്റെ ഫോട്ടോ വെക്കുന്നത് റെഡിറ്റില്‍ ട്രെന്‍ഡ് ആയിരുന്നു. ട്രംപിന്റെ നയങ്ങളോടുള്ള ഒരുകൂട്ടമാളുകളുടെ പ്രതിഷേധമായാണ് ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലെ ഈ 'അട്ടിമറി' വിലയിരുത്തപ്പെടുന്നത്.

നേരത്തേ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തരത്തില്‍ 'കൗതുകമുണര്‍ത്തുന്ന' ഗൂഗിള്‍ ഇമേജ് സെര്‍ച്ചുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'പപ്പു' എന്ന സെര്‍ച്ചിനാണ് ഗൂഗിള്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം നല്‍കിയത്. കഴിഞ്ഞ മെയ് മാസം മുതലായിരുന്നു ഇത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, ഫേക്കു (Feku) എന്നീ ഇമേജ് സെര്‍ച്ചുകള്‍ക്ക് നരേന്ദ്ര മോദിയുടെ ചിത്രവും ലഭിച്ചിരുന്നു.

click me!