
കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കർ പറഞ്ഞു. ബിഷപ്പിനെ ചോദ്യം ചെയ്യൽ 50 ശതമാനത്തിനടുത്ത് പൂർത്തിയായതായിയെന്നും ഹരിശങ്കർ അറിയിച്ചു.
മൂന്നാം ദിവസത്തിലേക്ക് ചോദ്യം ചെയ്യൽ നീളാതിരിക്കാനുള്ള ശ്രമിക്കുന്നതെന്നും വൈരുദ്ധ്യങ്ങൾ മാറ്റി നിഗമനത്തിലെത്തുമെന്നും കോട്ടയം എസ്പി ഹരിശങ്കർ കൂട്ടിച്ചേര്‍ത്തു. കൂടുതൽ പരിശോധനകൾ വേണമോയെന്ന് ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘവുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും ഹരിശങ്കർ പറഞ്ഞു. അറസ്റ്റ് ഇന്നുണ്ടാകുമോയെന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമെ പറയാനാകൂ എന്ന് ഹരിശങ്കർ അറിയിച്ചു.
ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യല്ലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇന്നലെ ബിഷപ്പ് നല്‍കിയ മൊഴികളില്‍ വ്യക്തത തേടിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഇന്ന് അന്വേഷണസംഘത്തിലുണ്ടാവും എന്നാണ്. പ്രധാനചോദ്യങ്ങളും മൊഴികളിലെ ഉപചോദ്യങ്ങളുമായി ഇരുന്നൂറോളം ചോദ്യങ്ങളുടെ പട്ടിക പൊലീസ് തയ്യാറാക്കിയെന്നാണ് സൂചന. ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ മുന്നിലുണ്ടെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ അത് തടസ്സമാവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ബിഷപ്പ് നല്‍കിയ മൊഴിയിലെ വിവരങ്ങളും ഭാവി നടപടികളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വാദങ്ങൾ നിരത്തുന്നതിന് ഫോൺ റെക്കോർഡുകളും, വീഡിയോകളും ഉൾപ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam