എടിഎമ്മുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര അനാസ്ഥ; പണം കൊണ്ടുപോകുന്നത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ

By Web TeamFirst Published Oct 25, 2018, 11:22 AM IST
Highlights

സംസ്ഥാനത്തെ എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ. ഗണ്‍മാനില്ലാതെയും സമയക്രമം നോക്കാതെയുമാണ് മിക്ക ഏജൻസികളും എടിഎമ്മുകളിലേക്ക് പണം എത്തിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ. ഗണ്‍മാനില്ലാതെയും സമയക്രമം നോക്കാതെയുമാണ് മിക്ക ഏജൻസികളും എടിഎമ്മുകളിലേക്ക് പണം എത്തിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വൈകീട്ട് 6 മണിക്കു ശേഷവും നഗരങ്ങളില്‍ 9 മണിക്കു ശേഷവും എടിഎമ്മുകളിലേക്ക് പണം നിറയ്ക്കാൻ കൊണ്ടുപോകരുത്.ഒരു കോടിയ്ക്കു മുകളിലാണ് തുകയെങ്കില്‍ നിര്‍ബന്ധമായും ഗണ്‍മാൻ കൂടെയുണ്ടായിരിക്കണം. എന്നിങ്ങനെയാണ് എടിഎമ്മുകളിലേക്ക് പണം കൊണ്ടു പോകാനുള്ള നിര്‍ദേശങ്ങള്‍. 

ബാങ്കുകള്‍ വിവിധ ഏജൻസികളെയാണ് പണം നിറയ്ക്കാൻ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്നത് കനത്ത അലംഭാവമാണ്.  2ഉം 3 ഉം കോടി രൂപയുമായി പോകുന്ന വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം ഒരു സഹായി മാത്രമാണ് ഉണ്ടാവുക.ഗണ്‍മാൻ കൂടെവേണമെന്ന നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ചാണ് ഏജൻസികളുടെ പ്രവര്‍ത്തനം. റോഡരികില്‍ വര്‍ക്ക് ഷോപ്പ് മുതല്‍ എവിടെയും നിര്‍ത്തിയാണ് വാഹനം കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരിയില്‍ പണം കൊണ്ടുപോകുന്ന വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത് ഏറെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

എടിഎമ്മുകളിലും വേണ്ടത്ര സുരക്ഷയില്ല, എടിഎമ്മിലേക്ക് പണം എത്തിക്കുന്നതിലും സുരക്ഷാ വീഴ്ചയുണ്ടാകുന്നു. ഏജൻസികള്‍ക്കും ബാങ്കുകള്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടാക്കുന്ന രീതിയില്‍ കരാര്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതിയാലേ ഇതിനൊരു പരിഹാരമാകൂ.

click me!