
തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനിടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളും പ്രതിസന്ധിയില്‍. വില്പനക്ക് തയ്യാറാണെന്ന് കാണിച്ച് ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജ് പരസ്യം നല്‍കി. സര്‍ക്കാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് വില്പനക്ക് വച്ചുള്ള പരസ്യം കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ ദിനപത്രത്തില്‍ വന്നത്. ഏതാണ് കോളേജെന്ന് വ്യക്തമാക്കുന്നില്ല. ഫോണ്‍ നമ്പറുമില്ല. സാമ്പത്തികശേഷി വ്യക്തമാക്കി കൊണ്ട് ഇ മെയില്‍ വിലാസത്തിലേക്ക് 10 ദിവസത്തിനുള്ളില്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നാണ് ആവശ്യം. കോളേജിന് മെഡിക്കല്‍ കോണ്‍സിലിന്റേയും ആരോഗ്യസര്‍വ്വകലാശാലയുടേയും അനുമതി ഉണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. ഏതാണ് കോളേജെന്ന് അറിയില്ലെന്നാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ വിശദീകരണം. പക്ഷെ കോളേജുകള്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത പ്രതിസന്ധി ഉണ്ടെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ഡോക്ടര്‍ കെ എം നവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് ചില സ്വാശ്രയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരാതി നല്‍കിയതായി ഐഎംഎ സ്ഥിരീകരിച്ചു.
ആവശ്യക്കാരില്ലാത്തതല്ല, മറിച്ച് നടത്താനുള്ള ഫീസ് കിട്ടുന്നില്ലെന്നാണ് അസോസിയേഷന്‍ വാദം. എന്നാല്‍ നീറ്റ് വന്ന് തലവരിക്ക് പിടി വീണതാണ് മാനേജ്മെന്റിന് ശരിക്കും തിരിച്ചടിയായത്. അഞ്ച് വര്‍ഷത്തെ ഫീസ് ഒരുമിച്ച് വാങ്ങുന്ന പ്രവണതയും നിന്നു. 100 എംബിബിഎസ് സീറ്റുള്ള കോളേജില്‍ 500 കിടക്കുകളുള്ള ആശുപത്രി വേണം. സൗകര്യങ്ങളില്ലാത്തതിന്റെ പേരിലാണ് എംസിഐ മൂന്ന് കോളേജുകളിലെ പ്രവേശനം റദ്ദാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam