
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ ഒരു വർഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആൾദൈവം ബംഗാളി ബാബ അറസ്റ്റിൽ. അജയ് ഹരിപദ് ചൗധരിയാണ് ബലാത്സംഗവും ദുർമന്ത്രവാദവും നടത്തിയതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലായത്. 37 വയസ്സുള്ള വീട്ടമ്മയാണ് കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ പീഡനത്തിനിരയായത്. പീഡനത്തെ എതിർത്തപ്പോഴെല്ലാം കുടുംബത്തിൽ വലിയ അത്യാപത്ത് സംഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി അജയ് ചൗധരി ബംഗാളി ബാബ എന്ന പേരിൽ സ്വയം പ്രഖ്യാപിത ആൾദൈവമായി വിരാറിൽ താമസിക്കുന്നു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ഇസ്ക്പൂർ സ്വദേശിയാണ് ഇയാൾ. തനിക്ക് കലികാ മാതായുടെ അനുഗ്രഹമുണ്ടെന്നാണ് ഇയാൾ ഇവിടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. നിരവധി ഭക്തരാണ് പൂജയ്ക്കും അനുഗ്രഹത്തിനുമായി ഇയാളുടെ അടുത്തെത്തുന്നത്.
പീഡനത്തിനിരയായ വീട്ടമ്മയ്ക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങളായി കുട്ടികളില്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇവർ ബാബയുടെ അടുത്തെത്തിയത്. കലിക മാതയ്ക്ക് അവരുടെ മേൽ വൻകോപം ഉണ്ടായതിനാലാണ് കുട്ടികളുണ്ടാകാത്തതെന്നും താന്ത്രിക വിധികൾ ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകൂ എന്നും ബാബ വീട്ടമ്മയെ ധരിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കഴിഞ്ഞ മെയ് 27 മുതൽ ഈ വർഷം ഒക്ടോബർ വരെ ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചു.
ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കലിക മാതാ അവരുടെയും കുടുംബത്തിന്റെയും മേൽ വൻദുരന്തം ഉണ്ടാക്കുമെന്നായിരുന്നു ബംഗാളി ബാബയുടെ ഭീഷണി. പീഡനം സഹിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ധൈര്യം സംഭരിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്ന് വീട്ടമ്മ വെളിപ്പെടുത്തുന്നു. ബംഗാളി ബാബയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ ഇപ്പോഴുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam