
2015ലെ സാൻ ബെർനാർദിനോ വെടിവയ്പ്പ്, റോസ്ബർഗ് വെടിവയ്പ്പ്, ദിവസങ്ങൾക്ക് മുന്‍പ് 49 പേരുടെ ജീവനെടുത്ത ഒർലാൻഡോ വെടിവയ്പ്പ്, തോക്കുകളുടെ ഉപയോഗവും വിൽപനയും നിയന്ത്രിക്കണമെന്ന പ്രസിഡന്‍റ് ബരാക് ഒബാമയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന, ഒന്നിനും അമേരിക്കൻ സെനറ്റർമാരെ സമവായത്തിലെത്തിക്കാനായില്ല.
മാനസിക പ്രശ്നങ്ങളുള്ളവരോ കൊടുംകുറ്റവാളികളോ അല്ലാത്തവർക്ക് തോക്ക് കൈവശം വയ്ക്കാൻ ഭരണഘടന നൽകുന്ന അവകാശം തടസങ്ങളില്ലാതെ തുടരും. 54 റിപ്പബ്ലിക്കൻമാരും 45ഡെമോക്രാറ്റുകളും ഒരു സ്വതന്ത്രനുമുള്ള സെനറ്റിൽ പുതിയ നിർദ്ദേശങ്ങൾ പാസാകാൻ 60വോട്ട് വേണ്ടിയിരുന്നു. രണ്ട് നിർദ്ദേശങ്ങൾ വീതമാണ് ഇരുപാർട്ടികളും കൊണ്ടുവന്നത്.
ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ പെട്ടവർ തോക്ക് വാങ്ങുന്നത് വിലക്കാനുള്ള ഡെമോക്രാറ്റ് നിർദ്ദേശത്തിന് 47പേരുടെ പിന്തുണയേ കിട്ടിയുള്ളു. ഈ പട്ടികയിൽ പെടുന്നവർ തോക്ക് വാങ്ങുന്നത് വൈകിപ്പിക്കാൻ അറ്റോണി ജനറലിന് അധികാരം നൽകുക, തോക്ക് വാങ്ങിയാൽ അന്വേഷണ ഏജൻസികൾക്ക് അപ്പോൾ തന്നെ വിവരം ലഭ്യമാക്കുക, മേളകൾ വഴിയും ഓൺലൈനായും തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും വോട്ടിനിട്ട് തള്ളി.
തോക്ക് ലോബിയാണ് സെനറ്റർമാരുടെ നീക്കത്തിന് പിന്നിലെന്നാണ് മാധ്യമങ്ങളുടെയും ആരോപണം . തോക്ക് വിൽപന നിയന്ത്രിക്കുന്നതിനേക്കാൾ ഭീകരത ഇല്ലായ്മ ചെയ്യാനാണ് ശ്രിക്കേണ്ടതെന്നാണ് റിപ്പബ്ലിക്കൻമാരുടെ വാദം. ഭീകരരെ ഭയന്ന് പരിശോധനകൾ കർശനമാക്കുമ്പോള്‍ ഭീകരരെന്ന് സംശയിക്കുന്നവർ തോക്ക് വാങ്ങുന്നോയെന്ന് പരിശോധിക്കാത്തത് വിരോധാഭാസമെന്ന് ഡെമോക്രാറ്റുകളും പറയുന്നു.
റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കൊളിൻസ് കൊണ്ടുവരാനിരിക്കുന്ന ഒത്തുതീർപ്പ് നിർദ്ദേശം പാസാകുമോ എന്നാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam