
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു ലക്ഷ്മി. ആകാശവാണിയില്‍ ജോലി നോക്കുന്നതിനിടെയാണ് അവര്‍ സിനിമയിലേക്കെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. എംടിയുടെ തിരക്കഥയില്‍ ഹരഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
മധുമോഹന്‍റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി. സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാന പാലകന്‍, പിറവി, പട്ടാഭിഷേകം, സാഗരം സാക്ഷി, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലു സിംഗ് തുടങ്ങിയ മലയാള ചിത്രങ്ങളിലും കന്നട ചിത്രം 'സംസ്കാര' മണിരത്നം ചിത്രം 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്നീ മറ്റു ഭാഷാ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളുടെ പേരില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈ ബസന്ത് നഗറില്‍ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam