
തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാർട്ടി അംഗത്വം പുതുക്കും. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിക്കൊണ്ട് സിപിഐ എക്സിക്യൂട്ടീവിന്റേതാണ് നിർദേശം. കൂടാതെ, അംഗത്വം പുതുക്കി നൽകാൻ ജില്ലാ ഘടകത്തിനോട് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, നേതൃത്വത്തിന്റെ തീരുമാനത്തിൽ സന്തോഷമെന്ന് കെഇ ഇസ്മായിൽ പ്രതികരിച്ചു. അംഗത്വം പുതുക്കി നൽകിയില്ലെങ്കിലും പാർട്ടി വിട്ട് ഞാനെവിടെയും പോകില്ല. സംസ്ഥാന എക്സിക്യൂട്ടീവിനെക്കാൾ വലിയവരല്ല ജില്ലാ എക്സിക്യൂട്ടീവെന്നും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാൻ അവർ ബാധ്യസ്ഥരാണെന്നും കെഇ ഇസ്മായിൽ പറഞ്ഞു. ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം തള്ളിയതിൽ സന്തോഷമുണ്ടെന്നും സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം അംഗീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഐ നേതാവ് പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയെ തുടർന്ന് ആറുമാസത്തേക്ക് ആയിരുന്നു കെഇ ഇസ്മായിലിനെ സസ്പെൻഡ് ചെയ്തിരുന്നത്. പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയിരുന്നത്. പാർട്ടിയുടെ അച്ചടക്ക നടപടിയിൽ രാജുവിന് മനോവിഷമമുണ്ടെന്ന കുടുംബത്തിൻ്റെ നിലപാടിനൊപ്പം ചേർന്നായിരുന്നു ഇസ്മായിലിൻ്റെ പ്രതികരണം.
നേതൃത്വത്തെ വെട്ടിലാക്കിയ മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കൗൺസിൽ ഇസ്മായിലിനോട് വിശദീകരണവും തേടിയിരുന്നു. അതിന് പിന്നാലെയാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam