ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ

ദില്ലി: ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്നത് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും ശശി തരൂർ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി പ്രചാരണത്തിന് ഇതിനിടെ പിന്തുണയേറുകയാണ്.

സിജെപി സമരത്തിന് ശേഷം ജെൻസികളുടെ രോഷം തണുപ്പിക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. കേന്ദ്രമന്ത്രിമാരടക്കം ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകുകയാണ്. ബിജെപിക്ക് പുതിയ തലമുറയെ കേൾക്കുന്നതിൽ പോരായ്മ വന്നു എന്നത് മനസിലാക്കിയാണ് പ്രധാനമന്ത്രി പുതിയ നീക്കങ്ങളുമായി രംഗത്ത് എത്തിയത്. ഇതിനിടെയാണ് ഈക്കാര്യത്തിൽ കോൺഗ്രസിന് വീഴ്ച്ച പറ്റിയെന്ന് ശശി തരൂർ സമ്മതിക്കുന്നത്. ജെൻസികളുടെ വികാരം വേണ്ടത്ര പ്രതിഫലിപ്പിക്കാൻ കോൺഗ്രസിനായില്ലെന്ന് മുംബൈയിലെ സംവാദപരിപാടിയിൽ തരൂർ വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിലെ സമരത്തിലൂടെ സിജെപിക്ക് ഇതിന് കഴിഞ്ഞു. രാഹുൽ ഗാന്ധിയും ഛാത്രോം കി ഗൂഞ്ച് പരിപാടിയിലൂടെ വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു, എന്നാൽ സിജെപിയെ പോലെ ഇത് ഫലപ്രദമായില്ലെന്നും തരൂർ തുറന്നടിച്ചു.

സിജെപിയുടെ ജന്തർമന്തർ സമരം നടക്കുന്നതിനിടെ മൂന്നാഴ്ച രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത് പാർട്ടിയിൽ ചർച്ചയായി തുടരുമ്പോഴാണ് ശശി തരൂരിൻറെ ഈ പരാമർശം. ഇതിനിടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെന്ന സിജെപിയുടെ ആവശ്യത്തിന് സ്വീകാര്യത കൂടുകയാണ്. ഇതിനായി സിജെപി തയ്യാറാക്കിയ ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ഒപ്പിട്ടത് മുപ്പത്തിമൂവായിരത്തിലധികം പേരാണ്. എൻടിഎ പിരിച്ചുവിട്ട് ശക്തമായ ചട്ടക്കൂടുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യവും സിജെപി കൂടുതൽ ശക്തമാക്കുകയാണ്.

YouTube video player