യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് പുതിയ ബില്ല് കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന അഞ്ച് രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ അനുമതി നൽകുന്നത്.
വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനായുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൂറുശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അനുമതി നൽകുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. 11-ന് എതിരേ 86 വോട്ടുകൾക്കാണ് യുഎസ് സെനറ്റിൽ ബില്ല് പാസായത്. ഇനി ബില്ല് യുഎസ് പ്രതിനിധിസഭയുടെ അംഗീകാരത്തിനായി അയക്കും.
യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് പുതിയ ബില്ല് കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന അഞ്ച് രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ അനുമതി നൽകുന്നത്. ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ തുടങ്ങിയവയാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന അഞ്ച് രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ 100 ശതമാനം തീരുവ ചുമത്താനാണ് ബില്ലിലെ ശുപാർശ. ഇതിനുപുറമേ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ അടക്കമുള്ള റഷ്യൻ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനൊപ്പം ഇറാനിലെ ഊർജമേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് പിഴ ചുമത്താനും പുതിയ ബില്ലിൽ ശുപാർശയുണ്ട്. ഓഗസ്റ്റ് 31-നാണ് ഈ ബിൽ യുഎസ് പ്രതിനിധിസഭയുടെ പരിഗണനയ്ക്ക് വരുന്നത്.


