പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഉത്തരവ്

By Web DeskFirst Published May 27, 2017, 1:59 PM IST
Highlights

പൊലീസ് ആസ്ഥാനത്ത് വീണ്ടും ഉത്തരവ് വിവാദം. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശാ നിയമപ്രകാരം നല്‍കണമെന്നാണ് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. ഡി.ജി.പി നിര്‍ദ്ദേശം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവിരുദ്ധമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം.

പൊലീസ് മേധാവിയായ ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീന കുമാരിയെ, സെന്‍കുമാര്‍ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഈ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇതിനു പിന്നാലെ ഡി.ജി.പി ഇറക്കിയ ഉത്തരവാണ് പൊലീസ് ആസ്ഥാനത്ത് അടുത്ത വിവാദത്തിന് തിരിതെളിച്ചിരിക്കുന്നത്. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാണ് സെന്‍കുമാര്‍ ഉദ്യോസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ അഴിമതി. മനുഷ്യാവകാശ ലംഘനം, ഉദ്യോഗസ്ഥരുടെ ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ എന്നിവ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാറില്ല. 

രഹസ്യവിഭാഗയ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്നും ഡി.ജി.പിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. ഈ എതിര്‍പ്പ് പരാതിയായി സര്‍ക്കാറിന് മുന്നിലെത്താനാണ് സാധ്യത. എന്നാല്‍ 2009ല്‍ അന്നത്തെ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് പുറത്തിറക്കിയിരുന്ന ഉത്തരവ് വീണ്ടും ഓര്‍മ്മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സെന്‍കുമാര്‍ പറയുന്നു. പുറ്റിങ്ങല്‍, ജിഷ വധക്കേസുകളിലെ വിവരങ്ങള്‍ നേരത്തെ സെന്‍കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ടി ബ്രാഞ്ചില്‍ നിന്നും നല്‍കാത്ത് വിവാദമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ആസ്ഥാനത്തെ ടി ബ്രാഞ്ചിനെ വിവരാവകാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായപ്പോള്‍ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് തന്നെ ഇല്ലാതാക്കിയാണ് വിവാദം അവസാനിപ്പിച്ചത്. 

click me!