
വാഷിംഗ്ടണ്‍: തുടര്‍ കൊലപാതകങ്ങള്‍ നടത്തുന്ന 'സീരിയല്‍ കില്ലര്‍'മാരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിരിക്കും. എന്നാല്‍ അല്‍പം അവിശ്വസനീയമാണ് അമേരിക്കയില്‍ നിന്നെത്തുന്ന ഈ വാര്‍ത്ത. 90 പേരെ കൊലപ്പെടുത്തിയെന്ന് ഒരു തടവുകാരന്‍ കുറ്റസമ്മതം നടത്തിയതായാണ് എഫ്.ബി.ഐ (ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലഹരിമരുന്ന് കേസില്‍ 2012ല്‍ ജയിലിലായ സാമുവല്‍ ലിറ്റില്‍ എന്നയാളാണ് ഇപ്പോള്‍ താന്‍ 90 കൊലപാതകങ്ങള്‍ നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ജയിലിലായിരിക്കെ തന്നെ മൂന്ന് സ്ത്രീകളുടെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സാമുവല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.
ക്രൂരമായി മര്‍ദ്ദിച്ചും തുടര്‍ന്ന് കഴുത്ത് ഞെരിച്ചുമാണ് മൂന്ന് സ്ത്രീകളെയും താന്‍ കൊന്നതെന്ന് സാമുവല്‍ തുറന്നുസമ്മതിച്ചിരുന്നു. തുടര്‍ന്ന് താന്‍ നടത്തിയ ഓരോ കൊലപാതകവും സാമുവല്‍ തുറന്നുപറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ എഫ്.ബി.ഐ ക്രൈം അനലിസ്റ്റായ ക്രിസ്റ്റീന പലാസോളോ നടത്തിയ അഭിമുഖത്തില്‍ സാമുവല്‍ തന്റെ 90 കൊലപാതകങ്ങളെയും കുറിച്ച് വിശദീകരിച്ചു.
മുന്‍കാല ബോക്‌സിംഗ് താരമായ സാമുവല്‍ എന്ന സാമുവല്‍ മെക്‌ഡോവല്‍ കൊന്നതിലേറെയും ലഹരിമരുന്നിന് അടിപ്പെട്ടവരും വേശ്യകളുമായിരുന്നു. മര്‍ദ്ദിച്ചും ശ്വാസം മുട്ടിച്ചും തന്നെയാണ് ഏറെ പേരെയും കൊന്നത്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ അപകടമരണമായും ലഹരിമരുന്നിന്റെ അമിതോപയോഗം മൂലമുള്ള മരണമായുമൊക്കെയേ ഇവ പരിഗണിക്കപ്പെട്ടുള്ളൂ.
പലരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടിട്ട് പോലുമില്ല. 90 പേരില്‍ 34 പേരുടെ കൊലപാതകം നിലവില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും കൊലപാതകങ്ങള്‍ ഒരാള്‍ ഒറ്റയ്ക്ക് തുടര്‍ച്ചയായി നടത്തുന്നതെന്നാണ് എഫ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം എഴുപത്തിയെട്ടുകാരനായ സാമുവലിനെതിരെ ശിക്ഷ വിധിക്കാന്‍ കാത്തിരിക്കുകയാണ് കോടതിയിപ്പോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam