മഴക്കെടുതി: മരിച്ചവരുടെ എണ്ണം 27 ആയി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം

By Web TeamFirst Published Aug 10, 2018, 1:25 PM IST
Highlights

തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തെ മഴക്കെടുതിക്ക് കുറവില്ല. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ അപകടങ്ങളില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 27 ആയി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശമുണ്ട്. 26 ഓളം ഡാമുകളുടെ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തെ മഴക്കെടുതിക്ക് കുറവില്ല. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ അപകടങ്ങളില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 27 ആയി എന്ന് ചീഫ് ചീഫ് സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശമുണ്ട്. 26 ഓളം ഡാമുകളുടെ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ട്. പ്രളയം ദുരന്തം ബാധിച്ച എല്ലാ സ്ഥലങ്ങളിലും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഞായാറാഴ്ച വരെയുള്ള പൊതുപരിപാടികൾ മുഖ്യമന്ത്രി റദ്ദാക്കി.

ആശങ്കകളുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇടുക്കി അണക്കെട്ടിലെ സ്ഥിതി ഓരോ മണിക്കൂറിലും സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ നിന്നും  റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻറെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നുണ്ട്. റവന്യു-കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ പരസ്പരം വിവരങ്ങൾ കൈമാറുന്നു. റവന്യുമന്ത്രി ആലുവയിലെത്തി സ്ഥിതിഗതികൾ നേരിട്ട് ഏകോപിപ്പിച്ചു. ഉരുൾപൊട്ടൽ രൂക്ഷമായ കോഴിക്കോടും മലപ്പുറത്തും മന്ത്രി എകെ ശശീന്ദ്രനുമെത്തി സ്ഥിതി വിലയിരുത്തി.

കര - വ്യോമ - നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് യോ​ഗം വിലയിരുത്തി. ഇടുക്കി,വയനാട് ജില്ലകളിൽ രൂക്ഷമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുകയാണ്. കോഴിക്കോടും പാലക്കാടും മലപ്പുറത്തും പക്ഷേ ഇന്ന് മഴയ്ക്ക് ശമനമുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അൽപം താഴ്ത്തി. അതേസമയം നീരൊഴുക്ക് ശക്തമായ ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകി കളയുകയാണ്. അതേസമയം, വൃഷ്ടിപ്രദേശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. 

വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും തുറന്നത്. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും ഇന്നു തന്നെ തുറക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലാമത്തെ ഷട്ടര്‍ അധികൃതര്‍ തുറന്നത്. രണ്ട്,മൂന്ന് ഷട്ടറുകള്‍ ഉച്ചയ്ക്ക് 11.30ന് ഉയര്‍ത്തിയപ്പോള്‍ തന്നെ ചെറുതോണിയിലേക്ക് ശക്തമായ തോതില്‍ വെള്ളമൊഴുക്കി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാലാമത്തെ ഷട്ടറും തുറന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് ശക്തമായ രീതിയില്‍ മഴ തുടരുന്നതോടെയാണ് നാല് ഷട്ടറുകള്‍ തുറന്നിടേണ്ട അവസ്ഥയുണ്ടായത്. ഇടുക്കി ഡാമില്‍ നിന്നും എത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് മണിക്കൂറില്‍ ആലുവയിലും എത്തുന്നുണ്ട്. 

രാവിലെ തുറന്നു വിട്ട അധികജലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ നെടുന്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതോടെ സെക്കന്‍ഡില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക. 

click me!