സെർവർ തകരാര്‍; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

By Web TeamFirst Published Sep 26, 2018, 3:33 PM IST
Highlights

സംസ്ഥാനത്ത് റേഷൻ കടകൾ നാളെ ഉച്ചവരെ അടച്ചിടും. സെർവർ തകരാറിലായതോടെ രണ്ടു ദിവസമായി സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

കോഴിക്കോട്: ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങി. പ്രളയബാധിതർക്ക് നൽകേണ്ട സൗജന്യ അരിവിതരണം അടക്കം മുടങ്ങിയിരിക്കുകയാണ്. തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ ഉച്ചവരെ റേഷൻ കടകൾ അടച്ചിടുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് സെർവർ തകരാർ മൂലം ഇ പോസ് മെഷീനുകളുടെ പ്രവർത്തനം നിലച്ചത്. ഇതോടെ സംസ്ഥനത്തെ പതിനാലായിരത്തിലധികം റേഷന്‍ കടകളിലും ഭക്ഷ്യസാധനങ്ങളുടെ വിതരണം നിലച്ചു. റേഷൻ വാങ്ങാനെത്തിയവർ പ്രതിഷേധിച്ച് മടങ്ങുന്ന കാഴ്ചയാണ് മിക്ക കടകളിലും കണ്ടത്.

ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള വിഷന്‍ടെക് എന്ന സ്വകാര്യസ്ഥാപനമാണ് ഇ പോസ് മെഷീനുകളുടെ സെർവർ നിയന്ത്രിച്ചിരുന്നത്. എന്നാൽ തകരാർ നിത്യസംഭവമായതോടെ സ്റ്റേറ്റ് ഡാറ്റാ സെന്‍ററിന് ചുമതല കൈമാറി. റേഷൻ വിവരങ്ങൾ പുതിയ സെ‍ർവറിലേക്ക് മാറ്റുന്ന ജോലികൾ ഇപ്പോൾ നടക്കുന്നതാണ് സെർവർ തകരാറിന് കാരണമെന്നും പ്രശ്നം വൈകാതെ പരിഹരിക്കുമെന്നുമാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
 

click me!