മണാലിയിലെ പ്രളയം: കുടുങ്ങിയ മലയാളി സംഘം തിരിച്ചെത്തി; രക്ഷപ്പെട്ടത് തലനാരിഴക്ക്

By Web TeamFirst Published Sep 26, 2018, 2:48 PM IST
Highlights

ണാലിയിലെ പ്രളയത്തിൽ കുടുങ്ങിയ 14 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. എറണാകുളം കീഴ്മാട് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് സുരക്ഷിതരായി തിരികെ എത്തിയത്. പ്രളയത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവങ്ങളാണ് ഇവർക്ക് പറയാനുള്ളത്.
 

കൊച്ചി: മണാലിയിലെ പ്രളയത്തിൽ കുടുങ്ങിയ 14 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. എറണാകുളം കീഴ്മാട് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് സുരക്ഷിതരായി തിരികെ എത്തിയത്. പ്രളയത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവങ്ങളാണ് ഇവർക്ക് പറയാനുള്ളത്.

ഇക്കഴിഞ്ഞ 21 നാണ് കീഴ്മാട് സ്വദേശി റഫീഖ്, നെട്ടൂർ സ്വദേശി സിറാജ് എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ സംഘം മണാലിയിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. രണ്ട് ദിവസം ദില്ലിയിൽ തങ്ങിയ ശേഷം ബസ് മാർഗം മണാലിയിലെത്തി. ബിയാസ് നദിയിൽ വെള്ളം ക്രമാതീതമായി ഉയർന്നിട്ടും ഇതൊന്നും അറിയാതെ സംഘം മണാലിയിലേക്ക് എത്തുകയായിരുന്നു. അപകടസാധ്യത മുന്നിൽ കണ്ട് വിനോദസഞ്ചാരികളുടെ സന്ദർശനം പ്രാദേശിക ഭരണകൂടം നിരോധിച്ചതുമില്ല. മണാലിയിലെത്തിയെങ്കിലും പ്രളയം മൂലം രണ്ട് ദിനം ഹോട്ടലിൽ തന്നെ തങ്ങി. പുറത്തിറങ്ങിയപ്പോഴാകട്ടെ സഞ്ചരിച്ച ബസ് ഒഴുക്കിൽപ്പെട്ടു. ബസ് പാറയിൽ തട്ടി നിന്നത് കൊണ്ട് മാത്രമാണ് ദുരന്തം തലനാരിഴയ്ക്ക് വഴി മാറിയത്. ഇപ്പോഴും പേടിയോടെയാണ് ഇവർ ആ ദിനങ്ങൾ ഓർത്തെടുക്കുന്നത്.

ഭക്ഷണം പോലും ഇല്ലാതായ അവസ്ഥയിൽ ഒരു ടാക്സി ഡ്രൈവറാണ് രക്ഷകൻ ആയത്. 14 പേരെയും അയാൾ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. അവിടെ നിന്ന് ബസ് മാർഗം ദില്ലിയിലെത്തുകയായിരുന്നു. തുടർന്ന് വിമാനത്തിൽ കൊച്ചിയിലേക്കും. പ്രളയത്തിൽ കുടങ്ങിയ 56 മലയാളികളിൽ 45 പേരെയും രക്ഷിച്ചെന്നാണ് ഓദ്യോഗിക കണക്കുകൾ. ബാക്കിയുള്ള 11 പേർ മണാലിയിൽ സുരക്ഷിതരാണെന്നാണ് സംസ്ഥാന സർക്കാര്‍ നൽകുന്ന വിവരം.

click me!