ലൈംഗികാരോപണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്

Published : May 06, 2019, 05:14 PM ISTUpdated : May 06, 2019, 05:36 PM IST
ലൈംഗികാരോപണം;  സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്

Synopsis

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന കണ്ടെത്തലോടെയാണ് ആഭ്യന്തര അന്വേഷണ സമിതി പരാതി തള്ളിയത്.  

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.

നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്‍റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കൽ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതിയത്.

പ്രതിരോധത്തിലായ ചീഫ് ജസ്റ്റിസ് ഇത് ചർച്ച ചെയ്യാൻ പിറ്റേന്ന് തന്നെ സുപ്രീംകോടതിയിൽ തീർത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേർത്തു. കോടതിയിലെ മുതിർന്ന ജഡ്ജിമാരും അറ്റോർണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തി. അടിയന്തരമായി വിളിച്ചു ചേർത്ത ആ സിറ്റിംഗിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്ര്യം തന്നെ ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും യുവതിക്ക് പിന്നിൽ വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തുടർന്ന് മറ്റൊരു സമിതിയെ രൂപീകരിച്ച് യുവതി ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാനും, ഇതിലെ ഗൂഢാലോചന പരിഗണിക്കാൻ മറ്റൊരു മൂന്നംഗ ബഞ്ച് രൂപീകരിക്കാനും തീരുമാനമായി. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരിൽ നിന്ന് തന്നെ വിമർശനമുയർന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാൻ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്. 

ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവർ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി പരിഗണിക്കുകയെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും ഇതിനെ പരാതിക്കാരി എതിർത്തു. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദർശകനാണെന്നും കാട്ടി പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‍ഡെക്ക് കത്ത് നൽകി. ഇതോടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിയിൽ വന്നു. ഇതോടെ രണ്ട് വനിതാ ജഡ്ജിമാരടങ്ങിയ സമിതി പരാതി പരിഗണിക്കുമെന്ന് തീരുമാനമായി. 

എന്നാൽ ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറി. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഹിയറിംഗ് നടക്കുന്നതെന്നും സ്വന്തം അഭിഭാഷകനെപ്പോലും കൂടെക്കൂട്ടാൻ അനുവദിക്കാതിരിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്നും, സമിതിയിൽ വിശ്വാസമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പിൻമാറ്റം. 

തുടർന്ന്, ചീഫ് ജസ്റ്റിസ് തന്നെ സമിതിക്ക് മുമ്പാകെ ഹാജരായി. ആരോപണങ്ങളെല്ലാം നിഷേധിച്ച ചീഫ് ജസ്റ്റിസ്, ഇതിനൊന്നും തെളിവില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വ്യക്തമാക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ, യുവതിയുടെ അഭിഭാഷകനെക്കൂടി സമിതിയുടെ ഹിയറിംഗിൽ സഹകരിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന രണ്ട് ജഡ്ജിമാർ സമിതിയോട് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. എന്നാൽ ഇത് ഉടനടി സുപ്രീംകോടതി തന്നെ നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ ആരോപണം ആഭ്യന്തര അന്വേഷണസമിതി തള്ളിയിരിക്കുന്നത്. 

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന പ്രത്യേകം പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാനാണ് ഉത്തരവിട്ടത്. വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീൽ വച്ച കവറിൽ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നൽകി.

Read More: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മണിയൻ പിള്ള രാജു ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്ത് അപകടം; കേസെടുത്ത് പൊലീസ്
മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവം; കേസെടുത്ത് പൊലീസ്, എഫ്ഐആറില്‍ നടന്‍റെ പേരില്ല