തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകം: ഇളയകുട്ടിയെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു

By Web TeamFirst Published May 6, 2019, 5:06 PM IST
Highlights

കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന ഏഴ് വയസുകാരന്‍റെ ഇളയസഹോദരനെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.

ഏഴുവയസ്സുകാരന്‍റെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം അ​മ്മ​യെ​യും അനുജനെയും അമ്മൂമ്മയെയും ക​ട്ട​പ്പ​ന​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ​മാ​റ്റിയിരുന്നു. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെയും അനുമതിയോടെ ഇവരെ എത്തിച്ചത്. ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് താൽക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്. സാധാരണ 7 ദിവസം വരെയാണ് ഇവിടെ പാർപ്പിക്കുക. 
 
എന്നാൽ, ഏഴുവയസുകാരന്‍റെ അനുജനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ അച്ഛന്‍റെ മാതാപിതാക്കൾ സമിതിയെ സമീപിക്കുകയായിരുന്നു. അമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തച്ഛന്‍റെ കത്ത് ലഭിച്ചതോടെയാണ് ശിശുക്ഷേമ സമിതി തുടര്‍ നടപടികളെടുത്തത്. 

click me!