ലൈംഗിക പീഡനം സഹിക്കാതെ സഹപ്രവർത്തകനെ കൊന്ന പാക്ക് പൗരന് 7 വർഷം തടവ്

By Web DeskFirst Published Feb 26, 2018, 3:59 PM IST
Highlights

ദുബായ്: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സഹപ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ പാക്കിസ്ഥാൻ യുവാവിന് ഏഴു വർഷം തടവ്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്.. 22 വയസുള്ള പാക്ക് പൗരനാണ് സ്വന്തം നാട്ടുകാരനും സഹപ്രവര്‍ത്തകനുമായ യുവാവിനെ സഹികെട്ട് കൊലപ്പെടുത്തിയത്.  പ്രതിയെ കഴിഞ്ഞ ഒരു വര്‍ഷമായി കൊല്ലപ്പെട്ടയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. നിലവില്‍ ഉള്ള ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രകൃതി വിരുദ്ധ പീഡനമെന്നും വ്യക്തമാക്കുന്നു.  

കൊലപാതകം നടന്ന ദിവസം സഹപ്രവര്‍ത്തകന്‍ 22കാരനോട് ഫോണ്‍ ചെയ്ത് താന്‍ താമസിക്കുന്ന സ്ഥലത്ത് ഉടന്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് വിളിയെന്നു മനസിലാക്കിയ യുവാവ് അല്‍ ഖൂസില്‍ എത്തി പുതിയ കത്തി വാങ്ങി. പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് സുഹൃത്തിനെ കണ്ടു. താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താനില്ലെന്നും താല്‍പര്യമില്ലെന്നും യുവാവ് മറുപടി നല്‍കി. 

പക്ഷേ, സുഹൃത്ത് വഴങ്ങിയില്ല. യുവാവിന്റെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു. പ്രകോപിതനായ ഇരുപത്തിരണ്ടുകാരന്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ കുത്തി. നെഞ്ചിലും വയറിലുമായി നിരവധി തവണ കത്തി ഉപയോഗിച്ചു കുത്തി. അവസാന ശ്വാസം എടുക്കുമ്പോള്‍ യുവാവ് കരഞ്ഞുകൊണ്ട് സുഹൃത്തിനോട് മാപ്പു ചോദിച്ചുവെന്നാണ് കോടതി രേഖകള്‍. 

ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയും യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ പ്രതി കുറ്റം നിഷേധിച്ചു. മനപൂര്‍വ്വം കൊലപ്പെടുത്തിയതല്ലെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. കുത്തേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു

click me!