ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പില്ല; എസ്എഫ്ഐ സമരം എട്ടാം ദിവസം പിന്നിട്ടു

By Web TeamFirst Published Jan 17, 2019, 4:04 PM IST
Highlights

സിനിമ നിർമ്മിക്കാനും കെട്ടിടം ഉയർത്താനും ശ്രമിക്കുന്ന സർവ്വകലാശാല കുട്ടികൾക്കുള്ള ഫെലോഷിപ്പ് മനപൂർവ്വം പിടിച്ച് വച്ചിരിക്കുന്നുവെന്നാണ് എസ്എഫ്ഐ യുടെ ആക്ഷേപം.
 

കോട്ടയം: ഗവേഷക വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ എം ജി സർവ്വകലാശാലയിൽ നടത്തുന്ന സമരം എട്ട് ദിവസം പിന്നിട്ടു. ഫണ്ടില്ലാത്തതിനാലാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന തുക ഫെലോഷിപ്പായി നൽകാൻ കഴിയാത്തതെന്നാണ് സർവ്വകലാശലയുടെ വിശദീകരണം

എംജി സർവ്വകലാശാലയിൽ എംഫിൽ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് ഇതുവരെയും നൽകിയിട്ടില്ല. പിഎച്ച്ഡി ചെയ്യുന്നവർക്കുള്ള ഫെലോഷിപ്പ് നാല് വർഷമായി കിട്ടുന്നില്ല. സിനിമ നിർമ്മിക്കാനും കെട്ടിടം ഉയർത്താനും ശ്രമിക്കുന്ന സർവ്വകലാശാല കുട്ടികൾക്കുള്ള ഫെലോഷിപ്പ് മനപൂർവ്വം പിടിച്ച് വച്ചിരിക്കുന്നുവെന്നാണ് എസ്എഫ്ഐ യുടെ ആക്ഷേപം.

സമരത്തെ തുടർന്ന് എംഫിൽ വിദ്യാർത്ഥികൾക്ക് മാസം 2000 ഫെലോഷിപ്പ് നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. എന്നാൽ 5000 രൂപ വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർവ്വകലാശാല നിലപാട്. സർവ്വകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിദ്യാർത്ഥികൾ സഹകരിക്കണമെന്നും വിസിയുടെ ചുമതലയുള്ള ഡോ സാബു തോമസ് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ്‌ എസ്എഫ്ഐ യുടെ പ്രഖ്യാപനം.
 

click me!