കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല; സുപ്രീംകോടതിയെ സമീപിക്കും: പി മോഹനന്‍

By Web TeamFirst Published Jan 17, 2019, 3:38 PM IST
Highlights

എം എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. 

കോഴിക്കോട്: കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി മോഹനന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി എം എ റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയില്‍ കൊടുവള്ളി എംഎല്‍എ  കാരാട്ട് അബ്ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എം എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി. 

കൊടുവള്ളി സ്വദേശികളായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അതേ സമയം കാരാട്ട് റസാഖിന്‍റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും കൈപ്പാറ്റാനാവില്ല. 

click me!