
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പൊലീസുകാരൻ ശരത്തിനെതിരെ ഫേസ്ബുക്ക് വഴിയും ഭീഷണി. അക്രമിസംഘത്തിലുണ്ടായിരുന്ന യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്‍റ് നസീമിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഫെയ്സ് ബുക്കിലൂടെയുളള എസ്എഫ്ഐക്കാരുടെ ഭീഷണി.
അതേസമയം പാളയത്ത് നടുറോഡിലിട്ട് എസ്എഫ്ഐക്കാർ മർദ്ദിച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ശരത്ത് ഇപ്പോഴും ചികിത്സയിലാണ്. അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ചകള്‍കള്‍ ശരത്ത് പരസ്യമാക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയുള്ള വധ ഭീഷണി. ഭീഷണി സന്ദേശമെല്ലാം എസ്എഫ്ഐക്കാരുടെതാണ്.
ഇന്ന് ശരത്തിൻറെ രക്ഷിതാക്കള്‍ കമ്മീഷണർക്ക് പരാതി നൽകും. ഇതുവരെ കേസിലെ പ്രധാന പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാല് എസ്എഫ്ഐക്കാർ കീഴടങ്ങിയിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള പൊലീസുകാന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതിനിടെ പിന്തുണയുമായി നിന്ന പൊലീസ് അസോസിയേഷനും പിൻമാറി. അക്രമികളായ എസ്എഫ്ഐക്കാരെ സ്ഥലത്തുവച്ചു കണ്ടിട്ടും അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.
കണ്‍ട്രോള്‍ റൂമിൽ നിന്നും പൊലീസുകാരെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചോർത്തിയതിനെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായി. കണ്‍ട്രോള്‍ റൂമിലെ അസി.കമ്മീഷണർ അറിയാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തി നൽകി. ഈ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം പൊലീസുകാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലുമിട്ടു. പക്ഷെ ദൃശ്യങ്ങള്‍ ചോർത്തിയവർക്കെതിരെ കടുത്ത നടപടിയൊന്നും വേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam