
ദില്ലി: ബീഹാറില്‍ നിതീഷ്‌കുമാറെടുത്ത തീരുമാനത്തില്‍ അതൃപ്തനായ മുതിര്‍ന്ന നേതാവ് ശരത് യാദവ് കോണ്‍ഗ്രസ്, ഇടതുപക്ഷ നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി വിടാനൊന്നും ശരത് യാദവ് തീരുമാനിക്കില്ലെന്നാണ് നിതീഷ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി ശരത് യാദവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നു.
ഐക്യ ജനതാദളിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് രാജ്യസഭാ അംഗം കൂടിയായ ശരത് യാദവ്. പക്ഷെ, ജെ.ഡി.യു എന്നാല്‍ ഇപ്പോള്‍ നിതീഷ്‌കുമാര്‍ മാത്രമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് ബീഹാറില്‍ നിതീഷ് എടുത്ത തീരുമാനത്തിനെതിരെ പാര്‍ടി പിളര്‍ത്താനൊന്നും ശരത് യാദവിന് സാധിക്കില്ല. മറ്റ് എന്ത് നീക്കം നടത്താനാകും എന്നാണ് ശരത് യാദവും അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളും ആലോചിക്കുന്നത്. ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള തീരുമാനം നിതീഷ് ടെലിഫോണില്‍ വിളിച്ചാണ് ശരത് യാദവിനെ അറിയിച്ചത്. അതും എല്ലാ തീരുമാനങ്ങളും എടുത്തുകഴിഞ്ഞ ശേഷം. ദില്ലിയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി ശരത് യാദവ് ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ എതിര്‍ത്തുകൊണ്ട് നിരവധി പ്രതികരണങ്ങള്‍ മാത്രം ശരത് യാദവ് നല്‍കുന്നുണ്ട്. അതല്ലാതെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പിണങ്ങി നില്‍ക്കുന്ന ശരത് യാദവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പിയും നിതീഷ് ക്യാമ്പും നടത്തുകയും ചെയ്യുന്നുണ്ട്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമ്പോള്‍ ജെ.ഡി.യുവിന് പങ്കാളിത്തം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ ശരത് യാദവിനെ കേന്ദ്ര മന്ത്രിയായി പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ ശരത് യാദവിന് നല്‍കിയതായും അറിയുന്നു. ഇതോടൊപ്പം ശരത് യാദവിന്റെ ഇപ്പോഴത്തെ പിണക്കങ്ങള്‍ ഒരു സമ്മര്‍ദ്ദതന്ത്രമാണെന്ന വിലയിരുത്തലും ചില നേതാക്കള്‍ നടത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam