
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടത്തുക. അതുല്യയുടെ ഭർത്താവ് സതീഷിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. അതുല്യയുടെ മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പളളി എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജയിൽ വെച്ച് അതുല്യയുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നിരുന്നു. മകൾ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം ഭർത്താവ് സതീഷിന്റെ നിരന്തരമായ ഉപദ്രവമാണെന്ന് കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു.
ഇന്ന് രാവിലെയാണ് ഷാർജയിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. തൂങ്ങിമരണമെന്നായിരുന്നു നിഗമനം. എന്നാൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അതുല്യയുടെ ഭർത്താവ് സതീഷിനെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് എഎസ്പി പറഞ്ഞു. 19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam